മാവേലിക്കര : 25 കോടി രൂപ ചിലവഴിച്ചുളള മാവേലിക്കര മിച്ചൽ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠനത്തിന്റെ പ്രാരംഭ റിപ്പോർട്ട് തയ്യാറായി. റിപ്പോർട്ട് പഠന യൂണിറ്റായ കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് ഡവലപ്‌മെന്റ് ഓഫീസർ സി.പി.ബിജു എം.എസ്.അരുൺകുമാർ എം.എൽ.എയ്ക്ക് കൈമാറി. കോളജ് റിസർച്ച് അസോസിയേറ്റുകളായ മരിയ കെൻസി, കെ.ഒ.വർഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് അവസാനമാണ് പഠനസംഘം മാവേലിക്കരയിലെത്തിയത്. പ്രാരംഭപ്രവർത്തനമായി മിച്ചൽ ജംഗ്ഷൻ പരിസരത്തെ കടകളിലെത്തി ചോദ്യാവലി പൂരിപ്പിച്ചു വാങ്ങി. ഇതിന്റെയടിസ്ഥാനത്തിലാണ് പ്രാരംഭ റിപ്പോർട്ട് തയ്യാറാക്കിയത്.

വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും പരാതികളും ആശങ്കകളും കേൾക്കുവാനായി 18ന് രാവിലെ 11ന് മാവേലിക്കര മിനി സിവിൽ സ്‌റ്റേഷൻ കോൺഫറൻസ് ഹാളിൽ പൊതുവാദം നടതത്തും. റവന്യൂ, പൊതുമരാമത്ത്, നഗരസഭാധികൃതരുടെ സാന്നിധ്യത്തിൽ ചേരുന്ന പൊതുവാദത്തിന് ശേഷം അന്തിമ റിപ്പോർട്ട് തയ്യാറാക്കും. അന്തിമ റിപ്പോർട്ട് കളക്ടർ അദ്ധ്യക്ഷനായ വിദഗ്ദ്ധസമിതി പരിശോധിച്ച ശേഷമാണ് അംഗീകാരം നൽകുക. റിപ്പോർട്ട് അംഗീകരിച്ചശേഷം ഭൂമിയേറ്റെടുക്കാനുള്ള പ്രാരംഭ വിജ്ഞാപനത്തിലേക്ക് കടക്കും.

മിച്ചൽ ജംഗ്ഷൻ വികസനത്തിനെതിരേ ഹൈക്കോടതിലുണ്ടായിരുന്ന കേസിന്റെ വിധിയിൽ സാമൂഹ്യപ്രത്യാഘാതപഠനം വീണ്ടും നടത്തണമെന്ന് നിർദേശിച്ചതിനെത്തുടർന്നാണ് പുതിയ പഠനത്തിന് കളക്ടർ വിജ്ഞാപനം പുറപ്പെടുവിച്ചത്. 45 ദിവസത്തിനകം പഠനം പൂർത്തിയാക്കണമെന്നും ആറുമാസത്തിൽ കൂടുതൽ ഇതിനായി എടുക്കരുതെന്നും വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു.