
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗ്യാസ്ട്രോ എൻഡോളജി വിഭാഗമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. പ്രയോജനമുണ്ടോയെന്ന്
ചോദിച്ചാൽ ഇല്ലെന്നാവും മറുപടി. അതായത് പേരിന് മാത്രം പ്രവർത്തിക്കുന്ന
വിഭാഗമാണെന്ന് ചുരുക്കം. ആഴ്ചയിൽ ചൊവ്വാഴ്ച മാത്രമാണ് ഗ്യാസ്ട്രോ എൻട്രോളജി ഒ.പി പ്രവർത്തിക്കുന്നതെങ്കിലും 300 ഓളം പേർ പരിശോധനക്കെത്തുന്നുണ്ട്.
എന്നാൽ, വിഭാഗത്തിൽ ആകെയുള്ളത് ഒരു പ്രൊഫസർ. അതും വർക്കിംഗ് അറേഞ്ച് മെന്റിൽ തിരുവനന്തപുരത്ത് നിന്ന് വരണം. മൂന്ന് അസി.പ്രൊഫസർമാരുടെ തസ്തിക അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നിയമനമായിട്ടില്ല. എൻഡോസ് കോപ്പി ടെക്നീഷ്യനുമില്ല. അതിനാൽ ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്കോ, സ്വകാര്യ ആശുപത്രികളിലേക്കോ പറഞ്ഞയക്കുകയാണ് പതിവ്. ഒ.പിയിലെത്തുന്ന എല്ലാവരെയും ഒരുഡോക്ടർക്ക് പരിശോധിക്കാനും കഴിയില്ല. തസ്തിക അനുവദിച്ച മൂന്ന് അസോസിയേറ്റ് പ്രൊഫസർമാരെ കൂടി നിയമിച്ചാൽ, നാല് കൗണ്ടറുകളിലായി പരിശോധനകൾ നടത്തി രോഗികളുടെ ദുരിതം അവസാനിപ്പിക്കാവുന്നതേയുള്ളൂ.
പക്ഷെ, നിയമനം അടുത്തകാലത്തൊന്നും നടക്കുന്ന ലക്ഷണമില്ല.
ഡോക്ടർമാരും ടെക്നീഷ്യന്മാരുമില്ല
1.അസോസിയേറ്റ് പ്രൊഫസർമാരെ നിയമിച്ചാൽ തന്നെയും ടെക്നീഷ്യന്മാരുടെ സേവനം അത്യാവശ്യമാണ്. തുടർചികിത്സകളായ എൻഡോസ് കോപ്പി, ഗ്യാസ്ട്രോസ് കോപ്പി,കൊളോനോസ്കോപ്പി തുടങ്ങിയ പരിശോധനകൾക്ക് ടെക്നീഷ്യൻ കൂടിയേ തീരൂ.
2.ഗ്യാസ്ട്രോ എൻഡോളജി വിഭാഗത്തിലെത്തി ഒ.പി പരിശോധനകൾ പോലും നടത്താനാകാതെ തിരികെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇതുകാരണമുള്ള സാമ്പത്തിക ബാധ്യത സാധാരണക്കാര രോഗികൾക്ക് താങ്ങാവുന്നതല്ല
3.സൂപ്പർ സ്പെഷ്യാലിറ്റി പോലെ ആധുനിക കെട്ടിടങ്ങളും സംവിധാനങ്ങളും ഉണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കുന്നില്ലെന്ന പരാതിക്ക് ഇത് ഇടയാക്കുന്നു
പേരിന് വേണ്ടി മാത്രമായാണ് ഗ്യാസ്ട്രോ എൻ ട്രോളജി വിഭാഗം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്നത്. നിർധനരായ രോഗികൾ ഇവിടെ എത്തിയ ശേഷം തിരികെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി പോകുകയാണ്.ഈ ദുരിതം അവസാനിപ്പിക്കാൻ അധികൃതർ തയ്യാറാകണം - വി.ഉത്തമൻ അമ്പലപ്പുഴ, പൊതുപ്രവർത്തകൻ