ambala

അമ്പലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ സമരചരിത്രം വേലിക്കകത്ത് വീടിന്റെ ചുറ്റുമതിലിൽ വിളങ്ങും. പുന്നപ്ര പറവൂരിലെ വീടിന്റെ ചുറ്റുമതിലിലാണ് സമരനായകന്റെ പോരാട്ടചരിത്രം ആലേഖനം ചെയ്യുന്നത്.

കേരള ലളിതകല അക്കാഡമിയും പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച 'വി.എസ് ജീവിതരേഖ' എന്ന ചിത്രകലാകാമ്പിന്റെ ഭാഗമായാണ് ചിത്രരചന നടത്തുന്നത്. വി.എസിന്റെ സമര ജീവിതം, പുന്നപ്ര,​ വയലാർ ഉൾപ്പടെയുള്ള ചരിത്ര പോരാട്ടങ്ങൾ, പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയ പ്രവർത്തനങ്ങൾ, എ.കെ.ജി, അഴീക്കോടൻ രാഘവൻ ഉൾപ്പടെയുള്ളവരുമായി ചേർന്നു നടത്തിയ പോരാട്ടങ്ങൾ തുടങ്ങിയവയെല്ലാം ചുറ്റുമതിലിൽ തെളിയും.

ലളിതകല അക്കാഡമി നിയോഗിച്ച ടി.ബി.ഉദയൻ, മുഹമ്മദ് ഹുസൈൻ, സജിത്ത് പനക്കൻ, വിപിൻദാസ് പനക്കൻ, കാവ്യ എസ്.നാഥ് എന്നിവരാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. രണ്ടു ദിവസത്തിനകം പൂർത്തിയാക്കാനാണ് ശ്രമം. സി.പി.എം ഏരിയ സെക്രട്ടറി സി.ഷാംജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലളിതകല അക്കാഡമി സെക്രട്ടറി എബി എൻ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.മോഹൻ കുമാർ, എ.പി.ഗുരുലാൽ, കെ.പി.സത്യകീർത്തി, എസ്.രാജേഷ്,കരുവ മോഹനൻ,ടി.രതീഷ്, എസ്.കെ.സാബു, പി.വി.സുഭാഷ് എന്നിവർ സംസാരിച്ചു.