
മാന്നാർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായി. നാലാൾ കൂടുന്നിടത്ത് തിരഞ്ഞെടുപ്പ് ചർച്ചകളാണ് ചൂടുപിടിക്കുന്നത്. സംവരണ വാർഡുകൾ മാറി മറിയുന്നതിനാൽ കഴിഞ്ഞ തവണത്തെ ജനപ്രതിനിധികളിൽ പകുതിയിലേറെപ്പേർക്കും മാറി നിൽക്കേണ്ടി വരുമെന്നതിനാൽ പകരം സ്ഥാനാർത്ഥികൾക്കായി രാഷ്ട്രീയ പാർട്ടികളിലും ചർച്ചകൾ സജീവമാണ്.
സീറ്റ് നിലനിർത്തുന്നതിനും നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കുന്നതിനുമായി കൂട്ടിയും കിഴിച്ചും ജയസാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കി മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കാനാണ് ഓരോ മുന്നണിയും മൽസരിക്കുന്നത്. കുടുംബ ബന്ധങ്ങളും ജാതി സമവാക്യങ്ങളും വിജയഘടകമാകുമെന്നതിനാൽ സ്ഥാനാർത്ഥി നിർണയത്തിൽ അവ നിർണ്ണായകമാകും. ഓരോ വാർഡിലും സ്ഥാനാർത്ഥിക്കുപ്പായം തുന്നി കാത്തിരിക്കുന്നവരുടെ എണ്ണവും ഏറെയാണ്.
പ്രബലരായ നേതാക്കളുടെ പിന്തുണ ഇവരിൽ പലർക്കുമുള്ളതിനാൽ ഓരോ മുന്നണിക്കും തലവേദനയാകും. വിവാഹ ചടങ്ങുകളിലും മരണ വീടുകളിലും മണിക്കൂറുകളോളം ഇവരുടെ സാന്നിദ്ധ്യവും പ്രകടമാണ്. മാന്നാർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ഭരണം ഇത്തവണ തിരിച്ച് പിടിക്കാൻ യു.ഡി.എഫ് തന്ത്രങ്ങൾ മെനയുമ്പോൾ ഏത് വിധേനയും ഭരണം നിലനിർത്താനുള്ള പരിശ്രമത്തിലാണ് എൽ.ഡി.എഫ്. പാഴാക്കിക്കളഞ്ഞ ഫണ്ടുകളുടെ കണക്കുകൾ നിരത്തി യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ രംഗത്തിറങ്ങിയപ്പോൾ ആസ്തി വർദ്ധനവും വികസന നേട്ടങ്ങളും അക്കമിട്ടു നിരത്തി ഭരണ സമിതി പ്രതിരോധം തീർക്കുന്നു.