കായംകുളം: ഏഴാമത് അഖില കേരള ടെക്‌നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേള ഇന്ന് മുതൽ 19 വരെ തീയതികളിൽ കൃഷ്ണപുരം ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ നടക്കും.
ഇന്ന് ഉച്ചയ്ക്ക് 2.30 ന് കായംകുളം കെ.പി.എ.സി ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്രയോടെ മേളയ്ക്ക് തുടക്കമാകും. 3.30ന് മന്ത്രി ഡോ.ആർ ബിന്ദു മേള ഉദ്ഘാടനം ചെയ്യും.യു പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് മ്യൂസിക് നൈറ്റ്.
നാളെ രാവിലെ 8.30ന് മത്സരങ്ങൾ. വൈകിട്ട് ആറിന് ഹരിപ്പാട് ചെങ്ങന്നൂർ ഗവ.ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിട്യൂട്ടുകളിലെ വിദ്യാർത്ഥികളുടെ ഫാഷൻ ഷോ, തുടർന്ന് ടെക്നിക്കൽ സ്കൂൾ വിദ്യാർത്ഥികളുടെ കലാസന്ധ്യ. 19ന് വിവിധ ടെക്നിക്കൽ ഹൈസ്കൂളുകളിൽ എത്തുന്ന വിദ്യാർത്ഥികൾ അണിയിച്ചൊരുക്കുന്ന ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ നടക്കും. വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രദർശന സ്റ്റാളുകളും ഉണ്ടാകും.
സമാപന സമ്മേളനം വൈകിട്ട് മൂന്നുമണിക്ക് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.കൊടിക്കുന്നിൽ സുരേഷ് എം.പി വിജയികൾക്കുള്ള ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ വിതരണം
ചെയ്യും. . ടെക്‌നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയക്ക് ആദ്യമായിട്ടാണ് ആലപ്പുഴ ജില്ല ആതിഥേയത്വം വഹിക്കുന്നത്.