
ഹരിപ്പാട്: വേലിയേറ്റം മൂലം ഉപ്പുവെള്ളം കയറുന്നത് തടയാനായി ചിങ്ങോലിയുടെ പടിഞ്ഞാറൻ മേഖലയിൽ നാലു സ്ഥിരം ബണ്ടുകൾ നിർമ്മിക്കും. പറയൻ തോട്ടിൽ തയ്യിൽപ്പാലത്തിന് സമീപവും ഒന്നാം വാർഡ് പൂത്തോട്ടിലെ മൂന്ന് കൈവഴികളിലുമാണ് ബണ്ട് നിർമ്മിക്കുക.
2024-25 ഗ്രാമപ്പഞ്ചായത്ത് വാർഷികവിഹിതമാണ് ഇതിനായി വിനിയോഗിക്കുക. പുതിയ രീതിയിലുള്ള നിർമാണ പ്രവർത്തനമാണ് നടത്തുന്നത്. കോൺക്രീറ്റ് ഭിത്തിയിൽ എഫ്.ആർ.പി ഷട്ടർ സ്ഥാപിക്കും. ഉപ്പുവെളളത്തിൽ വേഗം നാശമുണ്ടാകാത്തതാണ് എഫ്.ആർ.പിയുടെ പ്രത്യേകത. കൂടാതെ, കാലാവസ്ഥയ്ക്ക് അനുസരിച്ച് എടുത്തുമാറ്റുകയും തിരികെയിടുകയും ചെയ്യാം. നിലവിൽ വേലിയേറ്റ സമയത്ത് താത്കാലിക ബണ്ട് നിർമ്മിക്കുകയാണ് പതിവ്. ഇതിനായി തുക അനുവദിക്കുമെങ്കിലും സമയബന്ധിതമായി ജോലികൾ നടന്നിരുന്നില്ല. കൃഷി കുറഞ്ഞതോടെ കഴിഞ്ഞ മുപ്പതുവർഷമായി ഇങ്ങനെയാണ് മുന്നോട്ടു പോയിരുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലാണ് വേലിയേറ്റം ശക്തി പ്രാപിക്കുക. ഈ കാലയളവിൽ കൃഷിനാശവുമുണ്ടാകും.
ദുരിതത്തിന് പരിഹാരം
കായംകുളം അഴിയിലൂടെ കായലിലേക്കു തളളിക്കയറുന്ന ഉപ്പുവെള്ളംതോടുകൾ വഴിയാണ് ജനവാസ മേഖലയിലേക്കെത്തുന്നത്
ഇതു മൂലം വേലിയേറ്റ സമയത്ത് പടിഞ്ഞാറൻ മേഖലയിലെ താമസക്കാർ വലിയ കഷ്ടതയാണ് അനുഭവിച്ചു വന്നിരുന്നത്
വീടും പരിസരവും വെളളത്തിൽ മുങ്ങും. വെള്ളം കെട്ടി നിൽക്കുന്നതു വീടുകളുടെ ബലക്ഷയത്തിന് കാരണമാകുന്നുണ്ട്
കക്കൂസ് ടാങ്കിൽ വെളളം നിറയുന്നതും വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയിരുന്നത്
തോടുകളിലൂടെ വെളളം കയറുന്നത് പടിഞ്ഞാറൻ പ്രദേശത്തെ മാത്രമല്ല കിഴക്കൻ മേഖലയിലെ കുടിവെളള സ്രോതസ്സുകൾക്കും ഭീഷണിയാണ്
- പ്രദേശവാസികൾ