
അമ്പലപ്പുഴ: ദേശീയപാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് പൈപ്പ് തകരാറിലായി കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് ജനപ്രതിനിധികൾ പ്രവൃത്തികൾ തടഞ്ഞു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, വൈസ് പ്രസിഡന്റ് എ. പി .സരിത, ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, സ്ഥിരം സമിതി അദ്ധ്യക്ഷരായ വിനോദ് കുമാർ, അജിത ശശി, ജയ പ്രസന്നൻ, എന്നിവരാണ് പ്രതിഷേധവുമായെത്തിയത് . ദേശീയ പാതയിൽ തൂക്കുകുളം ഭാഗത്താണ് ഇന്നലെ രാവിലെ 10.30 ഓടെ ജനപ്രതിനിധികൾ നിർമ്മാണ പ്രവൃത്തികൾ തടസപ്പെടുത്തിയത്.
പൈപ്പ്ലൈൻ തകർന്നതോടെ പഞ്ചായത്തിലെ രണ്ട്, 10, 14, 15 വാർഡുകളിൽ ആഴ്ചകളായി കുടിവെള്ളം മുടങ്ങിയിരുന്നു. നിർമ്മാണ കമ്പനി അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാനും അധികൃതർ തയ്യാറായില്ല. തുടർന്നാണ് നിർമ്മാണം തടഞ്ഞത്. അടിയന്തിരമായി തകരാർ പരിഹരിച്ച് പമ്പിങ് ആരംഭിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയതോടെ സമരം അവസാനിപ്പിച്ചു.