ph

കായംകുളം : സംവരണ സീറ്റുകളിൽ തീരുമാനമായതോടെ കായംകുളം നഗരസഭ പിടിക്കാൻ മൂന്ന് മുന്നണികളും കളത്തിലിറങ്ങി. ആദ്യപടിയായി സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും സംബന്ധിച്ച അനൗപചാരിക ചർച്ചകൾക്ക് തുടക്കമായി. എൽ.ഡി.എഫിനും,എൻ.ഡി.എയ്ക്കും സ്ഥാനാർത്ഥി നിർണ്ണയം വലിയ തലവേദന ആകില്ലെങ്കിലും യു.ഡി.എഫിൽ അടി തുടങ്ങിക്കഴിഞ്ഞു.

ഇന്നലെ ചേർന്ന സി.പി.എം കായംകുളം ഏരിയ കമ്മറ്റി യോഗത്തിൽ സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കമായി. കഴിഞ്ഞ പത്ത് വർഷമായി എൽ.ഡി.എഫാണ് നഗരസഭ ഭരിക്കുന്നത്. ഇതിന് മുമ്പ് 15 വർഷം യു.ഡി.എഫാണ് ഭരിച്ചത്. ഇത്തവണ ആകെ 45 വാർഡുകളാണുള്ളത്.

കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണം നഗര വികസനത്തെ പിന്നോട്ടടിച്ചതായാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.എന്നാൽ പത്ത് വർഷത്തെ ഭരണ നേട്ടവും സർക്കാരിന്റെ വികസന പദ്ധതികളും തുണയാകുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവവും കേന്ദ്രസർക്കാരിന്റെ ഭരണ നേട്ടവുമാണ് എൻ.ഡി.എയുടെ അവകാശവാദത്തിന് പിന്നിൽ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെക്കാൾ മുന്നിലെത്താനായത് ബി.ജെ.പി ക്യാമ്പിന് ആത്മവിശ്വാസം പകരുന്നുണ്ട്.

സ്ഥാനാർത്ഥി ചർച്ച സജീവം

വിവിധ വാർഡുകളിൽ ജയസാദ്ധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നനായി ചർച്ചകൾ തുടങ്ങി. നിലവിലെ ജനപ്രതിനിധികളും വിണ്ടും ജനവിധി തേടാനുള്ള തയ്യാറെടുപ്പിലാണ്.ചില വനിതാ കൗൺസിലർമാർ കഴിഞ്ഞ തവണ ജയിച്ച വാർഡ് ഇക്കുറി ജനറലായിട്ടും വീണ്ടും അവിടെത്തന്നെ മത്സരിക്കാൻ തയ്യാറെടുക്കുന്നുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫിൽ 34 സീറ്റിൽ കോൺഗ്രസും 7 സീറ്റിൽ മുസ്ലിം ലീഗും,എൻ.സി.കെ,സി.എം.പി,ആർ.എസ്.പി എന്നിവർ ഒരോസീറ്റിലും മത്സരിച്ചിരുന്നു.എൽ.ഡി.എഫിൽ സി.പി.എം 29 സീറ്റിലും,സി.പി.ഐ 11 സീറ്റിലും,ജെ.ഡി.എസ് ,കേരള കോൺഗ്രസ് (മാണി) എന്നിവർ ഓരോ സീറ്റിലും, എൻ.സി.പി രണ്ട് സീറ്റിലും മത്സരിച്ചു. എൻ.ഡി.എയിൽ ബി.ജെ.പി 39സീറ്റിലും ബി.ഡി.ജെ.എസ് ഒരു സീറ്റിലും മത്സരിച്ചു.

ചെയർമാൻ സ്ഥാനം സ്വപ്നം കണ്ട് നേതാക്കൾ
നഗരസഭാദ്ധ്യക്ഷ സ്ഥാനം ഇത്തവണ ജനറലാകുമെന്ന കണക്കുകൂട്ടലിൽ ചെയർമാൻ സ്ഥാനം മുന്നിൽ കണ്ട് കോൺഗ്രസിൽ നേതാക്കൾ രംഗത്തിറങ്ങി കഴിഞ്ഞു. അഞ്ചുപേരാണ് രംഗത്തുള്ളത്. അവസാനം യു.ഡി.എഫിന് ഭരണം ലഭിച്ചപ്പോൾ ഓരോ വർഷവും ഓരോ ചെയർമാനെയാണ് നിയോഗിച്ചത്.

ഇത്തവണ ചെയർമാൻ സ്ഥാനാർത്ഥിയെ മുന്നിൽ നിറുത്തി പോരാടാനാണ് എൽ.ഡി.എഫ് തീരുമാനം.

നിലവിലെ കക്ഷിനില

ആകെ സീറ്റുകൾ : 44

എൽ.ഡി.എഫ് : 23

യു.ഡി.എഫ് : 18

എൻ.ഡി.എ : 3