ആലപ്പുഴ: ഒരേദിവസം ഒരേസമയം വിവിധ ഗ്രൗണ്ടുകളിൽ മത്സരങ്ങൾ നടത്തിയതോടെ താരങ്ങളിൽ പലർക്കും അവസരം നഷ്ടമായതായി പരാതി. ഇന്നലെ അത്‌ലറ്റിക് മത്സരങ്ങൾ പ്രീതികുളങ്ങര ഗ്രൗണ്ടിലാണ് നടന്നത്. ഈ സമയത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഗെയിംസ് മത്സരങ്ങളായ ഫുട്ബാൾ, ക്രിക്കറ്റ്, വടംവലി, റസ്‌ലിംഗ്, ടെന്നീസ് എന്നിവയും നടന്നു. ഇതോടെ അത്‌ലറ്റിക്സ് ഇനങ്ങളിൽ രജിസ്റ്റർ ചെയ്ത പല കുട്ടികൾക്കും പങ്കെടുക്കാനായില്ല.
കഴിഞ്ഞതവണ സംസ്ഥാന തലത്തിൽ മത്സരിച്ച വിദ്യാർത്ഥികളും ഇതിലുൾപ്പെടും. ഫുട്ബാൾ കലവൂർ സ്പോർട്സ് ഹബ്ബിലും ഷട്ടിൽ ആലപ്പുഴ രാമവർമ്മ ക്ലബ്ബിലും ക്രിക്കറ്റ് മുതുകുളത്തും വടംവലി കൃഷ്ണപുരത്തും റസലിംഗ് ഭരണിക്കാവിലുമാണ് നടന്നത്. ചില ഗ്രൗണ്ടുകളിൽ നിന്ന് 100 കിലോമീറ്ററോളം യാത്ര ചെയ്താലേ പ്രീതികുളങ്ങര ഗ്രൗണ്ടിലെത്തിച്ചേരാൻ കഴിയുമായിരുന്നുള്ളൂ.
21ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന സംസ്ഥാന കായികമേളയിൽ പങ്കെടുക്കേണ്ട താരങ്ങളുടെ പട്ടിക വൈകിട്ട് നൽകേണ്ടതിനാൽ ഇന്ന് ഉച്ചക്ക് മുമ്പ് മത്സരം പൂർത്തിയാക്കണം. മൈതാനം കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ് ജില്ലയിൽ സ്കൂൾ കായികമേളയുടെ നടത്തിപ്പിനെ ബാധിക്കുന്നത്. സംസ്ഥാന കായികമേളയുടെ തീയതി പ്രഖ്യാപിച്ചതിന് ശേഷമാണ് ജില്ലയിൽ മത്സരങ്ങളെപ്പറ്റി ആലോചിച്ചു തുടങ്ങിയതെന്ന് മത്സരാർത്ഥികൾ ആരോപിച്ചു. ഉപജില്ലാമേളകൾ തട്ടിക്കൂട്ടി നടത്തി ജില്ലാ കായികമേളയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഒട്ടും വിശ്രമമില്ലാതെ ജില്ലയിലെ കായികതാരങ്ങൾ തിരുവനന്തപുരത്തേക്ക് പുറപ്പെടുകയും വേണം.