sam

ആലപ്പുഴ: ആലപ്പുഴയിലെ പുതിയ സാമൂഹ്യനീതി ഓഫീസിൽ കേവലം റാമ്പിനപ്പറം ഭിന്നശേഷി സൗഹൃദാന്തരീക്ഷമില്ലെന്ന് ആക്ഷേപം. ജില്ലാ ഭരണസിരാകേന്ദ്രമായ കളക്ടറേറ്റിലുൾപ്പടെ 'ഈ ഓഫീസ് ഭിന്നശേഷി സൗഹൃദം' എന്ന ബോർഡ് സ്ഥാപിക്കണമെന്ന ഭിന്നശേഷി കമ്മിഷണറുടെ ഉത്തരവ് പാലിച്ചിട്ടില്ലെന്ന വിമർശനം

നിലനിൽക്കെയാണ് പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ പോലും ഭിന്നശേഷിക്കാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ അധികൃതർ മറക്കുന്നത്.

ജില്ലാ കളക്ടറേറ്റ് വളപ്പിലാണ് പുതിയ ജില്ല സാമൂഹ്യനീതി ഓഫീസുള്ളത്. ധാരാളം ഭിന്നശേഷിക്കാർ ദിവസേന വന്നുപോകുന്ന ഓഫീസിന്റെ മുൻവശത്ത് റാമ്പ് ഉണ്ടെന്നല്ലാതെ ഭിന്നശേഷി സൗഹൃദ ടോയ്ലറ്റോ, ബഹുനില കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യമോ, മുകളിലത്തെ നിലകളിലേക്ക് റാമ്പ് സൗകര്യമോ ഇല്ല.

ബഹുനില കെട്ടിടത്തിൽ ലിഫ്റ്റില്ല

1.കോൺഫറൻസ് ഹാൾ മുകളിലത്തെ നിലയിലായതിനാൽ ഭിന്നശേഷിക്കാർക്ക് അവിടെ എത്തപ്പെടാൻ സാധിക്കുന്നില്ല

2. ഒരു കോടിയലധികം രൂപ ചെലവഴിച്ച് കെട്ടിടം നിർമ്മിച്ചപ്പോൾ, അവശ വിഭാഗത്തിനായി മെച്ചപ്പെട്ട സൗകര്യങ്ങൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല

3.കോടിയുടെ കണക്കിനപ്പുറം, യഥാർത്ഥത്തിൽ എത്ര പണം കെട്ടിടത്തിനായി ചെലവായിട്ടുണ്ടെന്ന് പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്

സാമൂഹ്യനീതി ഓഫീസ്
 നിർമ്മാണച്ചെലവ്: 1.28 കോടി

വിസ്തീർണ്ണം: 3042.39 സ്ക്വയർ ഫീറ്റ്

 നിലകൾ: മൂന്ന്

കേവലം ഒരു റാമ്പ് നിർമ്മിച്ചാൽ ഭിന്നശേഷി സൗഹൃദമായി എന്ന ധാരണ അധികൃതർ തിരുത്തണം. സിവിൽ സ്റ്റേഷൻ വളപ്പിൽ ഓഫീസുകളുടെ എണ്ണം വർദ്ധിക്കുമ്പോഴും പബ്ലിക് ടോയ്‌ലറ്റ് ഇല്ല. ഇക്കാര്യങ്ങൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല
- ചന്ദ്രദാസ് കേശവപിള്ള, സാമൂഹ്യ പ്രവർത്തകൻ