മാരാരിക്കുളം: വാടകയ്ക്ക് കെട്ടിടം ഒഴിയുന്നില്ലെന്ന് കാട്ടി പൊലീസ്, പഞ്ചായത്ത് അധികാരികൾക്ക് ഉടമയുടെ പരാതി. മട്ടാഞ്ചേരി ചുള്ളിക്കൽ തെക്കേ മറ്റത്തിൽ ടി.യു.തമ്പിയാണ് പരാതിക്കാരൻ. തന്റെ ഉടമസ്ഥതയിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ മാരാരിക്കുളം കളിത്തട്ട് ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തുള്ള കെട്ടിടം മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ചിലങ്ക വീട്ടിൽ രജനി രാജീവ് മേനോന് മൂന്ന് വർഷത്തേയ്ക്ക് വാടകയ്ക്ക് നൽകിയിരുന്നു. വാടക കൃത്യമായി നൽകാതെ കെട്ടിടം മറ്റൊരാൾക്ക് 30 വർഷത്തേയ്ക്ക് മറിച്ചു നൽകിയതിനെത്തുടർന്ന് കരാറിൽ നിന്ന് പിൻ വാങ്ങി. എന്നാൽ, കെട്ടിടം ഒഴിയാൻ തയ്യാറാകാതെ സ്ഥാപനത്തിന്റെ പ്രവർത്തനം തുടരുകയാണെന്നും ഇതിനെതിരെ ചേർത്തല കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും തമ്പി പറഞ്ഞു. വ്യാജ രേഖകൾ ചമച്ച് പഞ്ചായത്തിൽ നിന്ന് ലൈസൻസ് നേടാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഇതിനായി താൻ സത്യവാങ്ങ്മൂലം നൽകിയിട്ടില്ലെന്നും ലൈസൻസില്ലാതെയുള്ള ഇവരുടെ സ്ഥാപനമായ ഋഷിറാം ആശുപത്രിയുടെ പ്രവർത്തനം നിർത്തി വയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും ടി.യു.തമ്പി ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽ ചെയർമാൻ എസ്.രാജേഷ്,കൺവീനർ കെ.വി.ശിവദാസൻ, നാഷണൽ ഹ്യുമൻ റൈറ്റ്സ് ആൻഡ് എൻവയോൺമെന്റ് പ്രോട്ടക്ഷൻ നാഷണൽ ജനറൽ സെക്രട്ടറി ഇ.എസ്.മർഫി എന്നിവർ പങ്കെടുത്തു.അതേസമയം, 2023 ഫെബ്രുവരി 27ന് മാരാരിക്കുളം വടക്ക് പഞ്ചായത്ത് സെക്രട്ടറി ആശുപത്രിയുടെ പ്രവർത്തനം നിർത്തി വയ്ക്കാൻ നോട്ടീസ് നൽകിയിരുന്നു. പിന്നീട് മൂന്നു തവണ നോട്ടീസ് നൽകിയെങ്കിലും പ്രവർത്തനം തുടരുകയാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.