bbh

ഹരിപ്പാട്: മോൻസിക്കും മനീഷിനും അഭിമാനിക്കാം,​ പിതാവിന്റെ കണ്ണുകൾ ഇനി രണ്ട് പേർക്ക് കാഴ്ചയാകും. തൃക്കുന്നപ്പുഴ പതിയാങ്കര കോട്ടയ്ക്കൽ മധു (69) വ്യാഴാഴ്ച വൈകിട്ടാണ് മരിച്ചത്. ഈ സമയത്ത് അവിടെ എത്തിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിലാൽ തൃക്കുന്നപ്പുഴ,​ കണ്ണ് ദാനം ചെയ്യുന്നതിനെക്കുറിച്ച് മധുവിന്റെ മക്കളായ മോൻസിയോടും അനീഷിനോടും സംസാരിക്കുകയും,​ അമ്മ ഓമനയുമായി സംസാരിച്ച് അവർ സമ്മതം അറിയിക്കുകയുമായിരുന്നു. മറ്റു ബന്ധുക്കളോട് പറഞ്ഞപ്പോൾ അവർക്കും സന്തോഷം. തുടർന്ന് തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എസ്.ജോയിയുടെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഒഫ്താൽമോളജി വിഭാഗത്തിലെ ഡോ.ഭാഗ്യലക്ഷ്മി, ഡോ.ആസിയ, ഡോ.അനന്തകൃഷ്ണൻ , ഡോ. അമൽ എന്നിവർ തൃക്കുന്നപ്പുഴയിലെ വീട്ടിലെത്തി. അവർക്കൊപ്പം തൃക്കുന്നപ്പുഴ ഹെൽത്ത് സൂപ്പർവൈസർ എം.എൻ സുനിൽ,ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജ അജിത്ത് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സാബു ശരവണ, ഒഫ്താൽമോളജിസ്റ്റ് ധന്യ എന്നിവരുമെത്തി നേത്രദാന നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു.

തുടർന്ന് തൃക്കുന്നപ്പുഴ സി.എച്ച്.സി യുടെ പേരിൽ ആദരവ് അർപ്പിക്കുകയും ചെയ്തു.