
മുഹമ്മ: നിയന്ത്രണം തെറ്റിയ കാർ ഓട്ടോയ്ക്ക് പിന്നിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ പുത്തൻപുരയ്ക്കൽ പരേതനായ വാസുദേവന്റെ മകൻ അനിൽകുമാറാണ് (കുഞ്ഞുമോൻ- 53) മരിച്ചത്. ആലപ്പുഴ- തണ്ണീർമുക്കം റോഡിൽ മുഹമ്മ കെ.ജി. കവലയ്ക്കു സമീപം ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. മൂന്ന് വിനോദ സഞ്ചാരികളുമായി അനിൽകുമാർ ഓട്ടോയിൽ ആലപ്പുഴയിൽ നിന്ന് മുഹമ്മയിലെ റിസോർട്ടിലേയ്ക്ക് പോകുംവഴി, നിയന്ത്രണം തെറ്റിയെത്തിയ കാർ ഓട്ടോയ്ക്ക് പിന്നിലിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം തെറ്റിയ ഓട്ടോ റോഡിന് സമീപത്തെ മരത്തിലിടിച്ചു. ഗുരുതരമായി പരിക്കേറ്റ അനിൽ കുമാറിനെ സമീപത്തുള്ളവർ ചേർന്ന് മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന സഞ്ചാരികളിൽ ഒരാൾക്കും കാലിന് ഒടിവുണ്ടായി. ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അനിൽകുമാറിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മുഹമ്മ പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ : രജനിമോൾ (പാം ഫൈബർ ) . മക്കൾ: അനന്തു, നമിത.