ആലപ്പുഴ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചാത്തനാട് നഗറിൽ വർഷങ്ങളായി താമസിച്ചുവരുന്ന 48 ശുചീകരണ തൊഴിലാളികൾക്കും നഗറിൽ പുറത്ത് താമസിക്കുന്ന 5 കുടുംബങ്ങൾക്കും പട്ടയത്തിനുള്ള എൻ.ഒ.സി നൽകാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. ഭൂമി അളന്ന് തിട്ടപ്പെടുത്തി പരമാവധി 3 സെന്റ് വരെ പട്ടയം നൽകും.ഇതോടെ അറുപത് വർഷത്തോളമായി താമസിക്കുന്ന 53 കുടുംബങ്ങൾ ഭൂമിയുടെ നേരവകാശികളാകും.വികസന സദസ് 24 ന് ആലപ്പുഴ നഗരസഭയി നടത്തുത്താനും കൗൺസിൽ തീരുമാനിച്ചു. 25 ന് മെഗാ തൊഴിൽമേളയും സംഘടിപ്പിക്കും.നഗരസഭ പുതുതായി ആരംഭിച്ച ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഒഴിവുള്ള സപ്പോർട്ടിംഗ് സ്റ്റാഫ് നിയമനത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്യാനും അതുവരെ താത്കാലിക അടിസ്ഥാനത്തിൽ വാക് ഇൻ ഇന്റർവ്യൂവിലൂടെ ഒഴിവുകൾ നികത്താനും തീരുമാനിച്ചു.
ജില്ലാകോടതി പാലം നിർമ്മാണം കാരണം തകർന്നുകിടക്കുന്ന എയ്ഡ് പോസ്റ്റ് താൽക്കാലിക പാലത്തിന് സമീപമുള്ള ജില്ലാകോടതി ഷാപ്പ് ലൈൻ റോഡ് നവീകരിക്കുന്നതിന് 5 ലക്ഷം രൂപ വകയിരുത്തി. നഗരസഭ ആരോഗ്യ വിഭാഗം ശുചീകരണ തൊഴിലാളിയായി 10 വർഷത്തിലധികമായി ജോലിചെയ്യുന്ന 5 പേരെ സ്ഥിരപ്പെടുത്താനും തീരുമാനിച്ചു.
നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ച കൗൺസിലിൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്. കവിത, ആർ.വിനിത, എ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സൗമ്യരാജ് കക്ഷിനേതാക്കളായ അഡ്വ.റീഗോരാജു, പി.രതീഷ്, കൗൺസിലർമാരായ ബി.അജേഷ്, ബി.നസീർ, സുമ, ആർ. രമേശൻ, ബി. മെഹബൂബ്, സജേഷ് ചക്കുപറമ്പ്, കൊച്ചുത്രേസ്യാമ്മ ജോസഫ്, കെ.എസ്ജയൻ, ഡെപ്യൂട്ടി സെക്രട്ടറി ജയശ്രീ ജെ.ബി തുടങ്ങിയവർ സംസാരിച്ചു.
നിയമനങ്ങളിൽ വിയോജിച്ച് പ്രതിപക്ഷം
പരമാവധി പാർട്ടിക്കാരെ ജോലിയിൽ തിരുകി കയറ്റാൻ നടത്തുന്ന ശ്രമം അപലപനീയമാണെന്ന് പ്രതിപക്ഷം പറഞ്ഞു. ഭരണം അവസാനിക്കാറായ ഈ ഘട്ടത്തിലും ഏകദേശം നൂറോളം ആളുകളെ എങ്ങനെയും നിയമിക്കാനാണ് ഭരണസമിതി ശ്രമിക്കുന്നത്. ഇതെല്ലാം രാഷ്ട്രീയ നിയമനങ്ങൾ ആണെന്ന് ആരോപിച്ച് പ്രതിപക്ഷം വിയോജനം രേഖപ്പെടുത്തി.