
കുട്ടനാട്: എ.സി കനാൽ സംരക്ഷണസമിതി ജനമോചന സമ്മേളനം ചെയർമാൻ നൈനാൻ തോമസ് മുളപ്പോംമഠം ഉദ്ഘാടനം ചെയ്തു. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറയ്ക്കാൻ എ.സി കനാൽ തുറക്കുക, നദികളിലേയും തോടുകളിലേയും എക്കലും മാലിന്യവും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുക, കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് അടുത്തമാസം 15ന് രാമങ്കരിയിൽ കൺവെൻഷൻ ചേരും. വെള്ളപ്പൊക്കസമയത്ത് പോലും കുടിവെള്ളം ലഭിക്കാത്തത് ജനപ്രതിനിധികളോ, സർക്കാരോ ഗൗരവമായി കാണാൻ തയ്യാറായിട്ടില്ല. അതിനാൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എ.സി കനാൽ സംരക്ഷണ സമിതി സ്ഥാനാർത്ഥിയായി വേണ്ടിവന്നാൽ മത്സരിക്കാൻ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ കൺവീനർ ഷിബുകണ്ണമ്മാലി അദ്ധ്യക്ഷനായി. അലക്സാണ്ടർ പുത്തൻപുറ, മോഹനൻ കരുമാലിൽ, ജെയിംസ് കൊച്ചുകുന്നേൽ, സൈനോ തോമസ്, അപ്പച്ചൻകുട്ടി ആശാംപറമ്പിൽ, മുട്ടാർ സുരേന്ദ്രൻ, ടോം ജോസഫ്. ത്രേസ്യാമ്മ ആന്റണി തുടങ്ങിയവർ സംസാരിച്ചു.