
മാന്നാർ: ലൈഫ് ഭവന പദ്ധതിയിലൂടെ 6.46 കോടി രൂപ ചെലവിൽ 183 വീടുകൾ പൂർത്തീകരിച്ചതായും 126 പാലിയേറ്റീവ് കെയർ രോഗികൾക്കായി 24.87 ലക്ഷം രൂപ ചെലവഴിച്ചതായും മാന്നാർ ഗ്രാമപഞ്ചായത്ത് വികസന സദസിൽ സെക്രട്ടറി പി.മധു റിപ്പോർട്ടിലൂടെ വ്യക്തമാക്കി. അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിലൂടെ പഞ്ചായത്തിലെ 30 കുടുംബങ്ങളെ കണ്ടെത്തി ആവശ്യമായ സേവനങ്ങൾ നൽകി സുരക്ഷിതരാക്കുകയും ഡിജി കേരളം പദ്ധതിയിലൂടെ 1834 പഠിതാക്കളെ കണ്ടെത്തി പരിശീലനങ്ങൾ നൽകി ഡിജിറ്റൽ സാക്ഷരത പൂർത്തിയാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. 34 അംഗങ്ങളുള്ള ഹരിതകർമ്മസേന പ്രതിമാസം 5-6 വരെ അജൈവമാലിന്യം ക്ലീൻകേരള കമ്പനിക്ക് കൈമാറുന്നു. വികസന സദസ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി അദ്ധ്യക്ഷയായി. മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്തംഗം വത്സലമോഹൻ ഗ്രാമപഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു.
ജില്ലാപഞ്ചായത്തംഗം ജി.ആതിര, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരിതങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.കെ.പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ശാലിനിരഘുനാഥ്, വി.ആർ.ശിവപ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിതഎബ്രഹാം, സുജാതമനോഹരൻ, സലിംപടിപ്പുരയ്ക്കൽ, അനീഷ് മണ്ണാരേത്ത്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സണ്‍ ഗീതാഹരിദാസ്, ഗ്രാമപഞ്ചായത്ത് മുൻവൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ദേയം, സി.പി.എം ഏരിയ സെക്രട്ടറി പി.എൻ.ശെൽവരാജൻ, പ്രൊഫ.പി.ഡി.ശശിധരൻ എന്നിവർ സംസാരിച്ചു. ഓപ്പൺ ഫോറം കാർഷിക വികസനസമിതിയംഗം കെ.പ്രശാന്ത്കുമാർ മോഡറേറ്റ് ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീനനൗഷാദ് സ്വാഗതവും ജൂനിയർ സൂപ്രണ്ട് യമുന നന്ദിയുംപറഞ്ഞു.
.........................
#യു.ഡി.എഫ് ബഹിഷ്ക്കരിച്ചു
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വികസനസദസ് ഒരു തിരഞ്ഞെടുപ്പ് പ്രചാരണതന്ത്രം മാത്രമാണെന്ന് ആരോപിച്ച് മാന്നാറിൽ നടന്ന വികസന സദസ് യു.ഡി.എഫ് ബഹിഷ്ക്കരിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് മൂവായിരം കോടി രൂപയുടെ കുടിശിക സർക്കാർ നൽകാനുള്ളപ്പോൾ, അതിനുള്ള നടപടികളൊന്നും സ്വീകരിക്കാതെ തനത് ഫണ്ട് ഉപയോഗിച്ച് വികസനസദസ് സംഘടിപ്പിക്കാനുള്ള നിർദേശം നൽകിയിരിക്കുന്നത് ദുരുദ്ദേശപരവും നിയമലംഘനവുമാണെന്ന് മാന്നാർ പഞ്ചായത്ത് യു.ഡി.എഫ് പാർലമെൻററി പാർട്ടിയോഗം ആരോപിച്ചു. പാർലമെന്ററി പാർട്ടി ലീഡർ സുജിത്ത്ശ്രീരംഗം അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗങ്ങളായ അജിത്ത്പഴവൂർ, മധുപുഴയോരം, വത്സലാ ബാലകൃഷ്ണൻ, രാധാമണിശശീന്ദ്രൻ, ഷൈനനവാസ്, വി.കെ.ഉണ്ണികൃഷ്ണൻ, കെ.സി.പുഷ്പലത എന്നിവർ സംസാരിച്ചു.