ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ മതിലും കുരിശടിയും പൊളിച്ചുമാറ്റുകയും വൈദികരെ മർദ്ദിക്കുകയും ചെയ്ത പൊലീസ് നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു.
പള്ളിയുടെ ഭാഗത്ത് ദേശീയ പാതയുടെ നിർമ്മാണം ആരംഭിച്ചപ്പോൾ മുതൽ 1500 വർഷത്തോളം പഴക്കമുള്ള ഒറ്റക്കല്ലിൽ തീർത്ത കുരിശും ചരിത്രപ്രാധാന്യമുള്ള പള്ളിയും പൊളിക്കരുതെന്ന ആവശ്യം പലതവണ കത്തിലൂടെയും നേരിട്ടും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയേയും ദേശീയപാത അതോറിട്ടിയേയും അറിയിച്ചിരുന്നതായി
സംഭവസ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. നീതിനിഷേധത്തിനും അതിക്രമങ്ങൾക്കും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയും നാശ നഷ്ടങ്ങൾക്ക് പരിഹാരവും ഉണ്ടാകണമെന്ന് കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.