ambala

അമ്പലപ്പുഴ : പമ്പിംഗ് നടത്താനാകാത്തതിനെത്തുടർന്ന് പാടത്ത് വെള്ളംനിറഞ്ഞതോടെ പുറംബണ്ടിൽ താമസിക്കുന്നവർ ദുരിതത്തിൽ. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അറുന്നൂറാം പാടശേഖരത്തിന്റെ പടിഞ്ഞാറെ ബണ്ടിൽ താമസിക്കുന്ന 27കുടുംബങ്ങളാണ് കഴിഞ്ഞ 7മാസമായി വെള്ളക്കെട്ടിൽ ദുരിതം അനുഭവിക്കുന്നത്.

കിടപ്പുരോഗികളും വൃദ്ധരും കൊച്ചുകുട്ടികളും അടങ്ങിയ വീട്ടുകാർ മലിനജലം കലർന്ന വെള്ളക്കെട്ടിൽ ചവിട്ടിയാണ് പുറത്തിറങ്ങുന്നത് .വീടിനു ചുറ്റും മലിനജലം കെട്ടികിടക്കുന്നതിനാൽ രോഗികളെ കസേരയിൽ ഇരുത്തി ചുമന്ന് റോഡിൽ എത്തിച്ചാണ് ആശുപത്രിയിൽ കൊണ്ടു പോകുന്നത്. ബണ്ടിൽ താമസക്കാരനായ അനിൽകുമാറിന്റെ ഭാര്യ അംബിക (46) 3 വർഷമായി വാഹനാപകടത്തെ തുടർന്ന് ചികിത്സയിലാണ്. സ്വയം എഴുന്നേറ്റു നീങ്ങാനാകില്ല. ഇവരുടെ വീട്ടിലെ കക്കൂസ് വെള്ളം കയറി ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. വീടിന് ചുറ്റും കെട്ടിക്കിടക്കുന്ന മലിനജലത്തിൽ പായലും നിറഞ്ഞു. ബണ്ടിലെ താമസക്കാരായ കനകമ്മ (67), സുഭദ്രാമ്മ (80), തങ്കമ്മ (60) എന്നിവരും കിടപ്പു രോഗികളാണ്.തങ്കമ്മയുടെ മകൻ മോനിച്ചനെ കഴിഞ്ഞമാസം വീട്ടിൽവച്ച് പാമ്പ് കടിച്ചിരുന്നു.

പമ്പിംഗ് നടത്താൻ മാർഗമില്ല

1. ഇഴജന്തുക്കളെ ഭയന്നാണ് നിർദ്ധനരായ 27 കുടുംബങ്ങൾ ഇവിടെ കഴിയുന്നത്.പലരുടേയും വീടിനുള്ളിൽ വെള്ളം കെട്ടികിടപ്പുണ്ട്

2. പാടശേഖരത്തിൽ രണ്ടാംകൃഷിയും പുഞ്ചകൃഷിയും നടത്താനാവാതെ വന്നതാണ് ബണ്ടിൽ താമസിക്കുന്നവർ വെള്ളക്കെട്ടിലാകാൻ കാരണം

3. ഒരു മഴ പെയ്യുമ്പോൾ തന്നെ ബണ്ടിലേക്കും താമസക്കാരുടെ വീടുകളിലേക്കും വെള്ളം കയറുന്ന സ്ഥിതിയാണ്

പുതിയ മോട്ടോർ തറ വേണം

ഇവിടെ ഉണ്ടായിരുന്ന മോട്ടോർ തറ ജീർണിച്ച് നശിച്ചുപോയി. പുതിയ മോട്ടോർ തറക്ക് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 22 .75 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണവും തുടങ്ങി.എന്നാൽ മഴ നിർമ്മാണത്തിന് തടസമായി. ജലനിരപ്പിൽ നിന്ന് പത്തടി താഴ്ചയിൽ കോൺക്രീറ്റ് ചെയ്ത് വേണം മോട്ടർ തറ കെട്ടിപ്പൊക്കാൻ. ചുറ്റും ബണ്ട് കെട്ടി വെള്ളം വറ്റിക്കുമ്പോൾ അടുത്ത മഴ വരുന്നതാണ് നിർമ്മാണം നീണ്ടുപോകാൻ കാരണമെന്ന് പാടശേഖരസമിതി ഭാരവാഹികൾ പറഞ്ഞു.

ഒരു മാസത്തേക്ക് ചെറിയ രണ്ടു മോട്ടോറുകൾ പഞ്ചായത്തോ എം.എൽ.എയോ വാടകയ്ക്ക് എടുത്തു തരുകയാണെങ്കിൽ പാടശേഖരത്തിലെ വെള്ളം വറ്റിച്ച് വൃശ്ചിക മാസത്തിലെങ്കിലും പുഞ്ചകൃഷി ഇറക്കാനാകും

- ടോമിച്ചൻ, സെക്രട്ടറി, അറുനൂറാം പാടശേഖര സമിതി