
വള്ളികുന്നം: ഓച്ചിറ - താമരക്കുളം റോഡിൽ നവീകരിച്ച വള്ളികുന്നം കൽക്കുളത്താൽപ്പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലെത്തി. അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയായാലുടൻ പാലം ഗതാഗതത്തിനായി തുറക്കും.
ഓച്ചിറ- താമരക്കുളം റോഡിൽ അരനൂറ്റാണ്ട് മുമ്പ് പണിത കൽക്കുളത്താൽ പാലത്തിന്റെ പുനർനിർമ്മാണ ജോലികൾ കഴിഞ്ഞവർഷം മേയിലാണ് ആരംഭിച്ചത്. സംസ്ഥാന ബഡ്ജറ്റിൽ നിന്നുള്ള 4.52 കോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗമാണ് പാലം നിർമ്മാണം നടത്തിയത്. വള്ളികുന്നം, താമരക്കുളം പ്രദേശങ്ങളെ ദേശീയപാത 66-ഉമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. റോഡ് വീതി കൂട്ടി ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയെങ്കിലും കുപ്പിക്കഴുത്തുപോലുള്ള പഴയ പാലം ഗതാഗത തടസമായി തുടർന്നതിന് പിന്നാലെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് പാലം നിർമ്മാണത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. ഈ സർക്കാരിന്റെ കാലത്താണ് പണം അനുവദിച്ചത്.
അപ്രോച്ച് റോഡ് നിർമ്മാണം പുരോഗമിക്കുന്നു
കെ.എസ്.ആർ.ടി.സിയുടെ ഉൾപ്പെടെ അഞ്ച് ബസുകളും നിരവധി സ്‌കൂൾ ബസുകളുമടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്
കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നു പോകാവുന്ന പാലത്തിന്റെ കൈവരികൾ തകർന്നതും വഴി വിളക്കുകൾ കത്താത്തതും അപകട സാദ്ധ്യത വർദ്ധിപ്പിച്ചിരുന്നു
ഈ സാഹചര്യത്തിലാണ് പാലം പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. വീതി മൂന്നിരട്ടിയായി കൂടിയതോടെ റോഡിലെ കൊടുംവളവും അപകട സാദ്ധ്യതയും ഒഴിയും
കൽക്കുളത്താൽപ്പാലം
പാലത്തിന്റെ നീളം.........50 മീറ്റർ
വീതി................................11 മീറ്റർ
വാഹനഗതാഗതം........7.5 മീറ്റർ
നടപ്പാത................... 3.5മീറ്റർ
ഒരുവർഷം മുമ്പ് നിർമ്മാണം തുടങ്ങിയ പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഏതാനും ആഴ്ചകൾക്കകം പണി പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.
- പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം,ആലപ്പുഴ
നാടിന്റെ ദീർഘകാലമായുള്ള ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. മാസങ്ങൾക്കകം പാലം തുറന്നുനൽകാനായേക്കും
- ഡി. രോഹിണി, പ്രസിഡന്റ്, വള്ളികുന്നം ഗ്രാമപഞ്ചായത്ത്