ആലപ്പുഴ: ഈ സർക്കാരിന്റെ കാലത്ത് ലൈഫ് പദ്ധതിയിലൂടെ കായംകുളം നിയോജകമണ്ഡലത്തിൽ 3908 വീടുകൾ നൽകിയെന്ന് യു. പ്രതിഭ എം.എൽ.എ പറഞ്ഞു. പുല്ലുകുളങ്ങര 1060 ാം നമ്പർ എൻ.എസ്.എസ് കരയോഗം ഹാളിൽ കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത്‌ വികസന സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.എൽ.എ.
കണ്ടല്ലൂർ പഞ്ചായത്തിൽ 144 വീടുകൾ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ചതായും കിടപ്പുരോഗികൾ ഉൾപ്പെടെ 79 രോഗികൾക്ക് പാലിയേറ്റീവ് പരിചരണം നൽകി വരുന്നതായും സദസ്സിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ കണ്ടല്ലൂർ പഞ്ചായത്ത്‌ അംഗം കോലത്ത് ബാബു അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി എ.സുധീർ, അസി.സെക്രട്ടറി ബി.രാജഗോപാൽ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മുഹമ്മദ് കബീർ, സ്ഥിരം സമിതി അധ്യക്ഷ ബീന സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ രാജേഷ്, എം.അഭിലാഷ്, സുനി വിജിത്ത്, വീണ അജയകുമാർ, ഹരിത കർമ്മ സേനാഗംങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.