
അമ്പലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിൽ നടന്ന ഒ.പി ബഹിഷ്‌കരണം രോഗികളെ വലച്ചില്ല. അവശ്യസേവനങ്ങൾ, ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലായിരുന്നു പ്രതിഷേധം. ആലപ്പുഴ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും ചേർന്ന് ഒ.പി പരിശോധനകൾ നടത്തി. മുൻകൂട്ടി അറിയിച്ചുള്ള സമരമായതിനാലും ദീപാവലി ആയിരുന്നതിനാലും പൊതുവെ ഒ.പി യിൽ രോഗികൾ കുറവായിരുന്നു. ഗുരുതരാവസ്ഥയിലുള്ളവരെ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ പരിശോധിച്ചതിനാൽ രോഗികൾക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടായില്ല.