ആലപ്പുഴ: വാണിജ്യക്കനാൽക്കരയിലെ മത്സ്യകന്യക പ്രതിമ പൊളിച്ചുനീക്കാനുള്ള തീരുമാനം ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി അംഗീകരിച്ചിട്ടും തീരുമാനം രേഖപ്പെടുത്തിയുള്ള ഫയൽ വൈകുന്നത് പ്രതിമ പൊളിക്കലിന് തടസമാകുന്നു.

പ്രതിമ പൊളിച്ച് നീക്കാനുള്ള ക്വട്ടേഷനുൾപ്പെടെ അംഗീകാരം നൽകിയെങ്കിലും തീരുമാനത്തിന് കിഫ് ബിയുടെ അംഗീകാരം രേഖാമൂലം ലഭിക്കാത്തതാണ് പ്രതിമ പൊളിച്ചുനീക്കൽ വൈകിക്കുന്നത്. പഴയ പ്രതിമ പൊളിച്ചുമാറ്റി പകരം പുതിയത് നിർമ്മിക്കാനാണ് തീരുമാനം. പ്രതിമ പൊളിച്ചുനീക്കിയാലേ അവിടെ രണ്ട് പൈലുകളുടെ നിർമ്മാണ ജോലികൾ ആരംഭിക്കാനാകൂ.

നിലവിലെ പ്രതിമ പൊളിച്ചുമാറ്റുന്നതിന് പുതിയ പ്രതിമ നിർമ്മിക്കുന്നതിന്റെ രണ്ടിരട്ടിയോളം തുക വേണം. പഴയ പ്രതിമ ഇളക്കി സുരക്ഷിതമായി മാറ്റി സ്ഥാപിക്കുന്നതിന് കരാർ കമ്പനിയ്ക്കോ കെ.ആർ.എഫ്.ബിയ്ക്കോ ഉറപ്പ് നൽകാനാകാത്ത സാഹചര്യത്തിലാണ് പുതിയത് നിർമ്മിക്കാൻ അനുമതി നൽകിയത്. 18.50 ലക്ഷം രൂപയാണ് പുതിയ പ്രതിമയുടെ നിർമ്മാണചെലവ് . പഴയ പ്രതിമ പൊളിച്ചുമാറ്റുന്നതിന് 36 ലക്ഷം രൂപയാണ് കരാർ കമ്പനി ക്വാട്ട് ചെയ്തത്. കാലപ്പഴക്കവും ബല ക്ഷയവും കാരണം ഇളക്കുമ്പോൾ പ്രതിമ പൊട്ടിപ്പോകുമോയെന്ന ആശങ്ക കരാർ കമ്പനി ഉന്നയിച്ചിരുന്നു.

പ്രതിമ നീക്കം ചെയ്യൽ വൈകുന്നതിനാൽ സ്ഥലത്തെ രണ്ട് പില്ലറുകളുടെ പൈലിംഗ് ഉൾപ്പെടെയുളള ജോലികൾ തടസപ്പെട്ടു. മത്സ്യ കന്യക പ്രതിമയുടെ ഭാഗത്തെ രണ്ടും കോടതിപ്പാലത്തിന്റെ മദ്ധ്യഭാഗത്തുള്ള മൂന്നും പില്ലറുകളുടെ പൈലിംഗാണ് വടക്കേക്കരയിൽ ഇനി ശേഷിക്കുന്നത്.

മത്സ്യകന്യക പ്രതിമ പൊളിച്ചുനീക്കാനുള്ള തീരുമാനം സംബന്ധിച്ച ഫയൽ ലഭിക്കാത്തതാണ് നിലവിലെ തടസം. ഫയലെത്തിയാലുടൻ പ്രതിമ പൊളിച്ചുനീക്കും

- കെ.ആർ.എഫ്.ബി,ആലപ്പുഴ