ghh

ഹരിപ്പാട് : ഏതുനിമിഷവും തെരുവുനായ ആക്രമണം ഭയന്നു കഴിയുകയാണ് മുതുകുളം നിവാസികൾ. തെരുവു നായ്ക്കളുടെ എണ്ണം അനിയന്ത്രിതമാം വിധം കൂടിയതോടെ ഇവയുടെ ആക്രമണവും പ്രദേശത്ത് വർദ്ധിച്ചു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ നായ്ക്കൾ ആക്രമിക്കുന്ന സംഭവങ്ങളും ആവർത്തിക്കുന്നുണ്ട്. കഴിഞ്ഞദിവസം വീട്ടുമുറ്റത്തു നിന്ന ഒന്നേകാൽ വയസ്സുളള കുട്ടിയ്ക്ക് നായയുടെ കടിയേറ്റു. രണ്ടു മാസം മുമ്പ് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനും നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഒരാഴ്ച മുമ്പ് ആറു പേർക്ക് നായയുടെ കടിയേറ്റു. വിദ്യാർത്ഥികൾ ഭയപ്പാടോടെയാണ് സ്കൂളുകളിലേക്ക് റോഡുകളിലൂടെ പോകുന്നത്.

ഇരുചക്ര വാഹനയാത്രക്കാർക്കും നായ്ക്കൾ ഭീഷണിയാണ്. അപ്രതീക്ഷിതമായി റോഡിനു കുറുകെ ചാടുന്ന നായ്ക്കളെ തട്ടി ഇരുചക്ര വാഹനയാത്രക്കാർ വീണ് വലുതും ചെറുതുമായ ഒട്ടേറെ അപകടങ്ങളാണുണ്ടാകുന്നത്. റോഡരികിലും മറ്റും തമ്പടിച്ചിരിക്കുന്ന നായ്ക്കൾ ഇരുചക്രവാഹനങ്ങളുടെ പിന്നാലെ ഓടിയെത്തുന്നതും പതിവാണ്. തെരുവു നായശല്യം ഇത്രയും രൂക്ഷമായിട്ടും പ്രദേശത്തെ നായ്ക്കളെ പിടികൂടി വാക്സിനേഷൻ നടത്താൻ പോലും അധികൃതർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു.

വളർത്തുമൃഗങ്ങൾക്കും ഭീഷണി

1. കോഴികൾ ഉൾപ്പെടെയുളള വളർത്തുപക്ഷികളെ നായ്ക്കൂട്ടം കടിച്ചു കൊല്ലുന്നുണ്ട്

2. ഇതോടെ പലരുമിപ്പോൾ കോഴിവളർത്തൽ തന്നെ ഉപേക്ഷിച്ചു

3. കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണം നടത്തിയ നായ വളർത്തുനായ്ക്കളെയും കടിച്ചു

4. ഇരുചക്രവാഹനങ്ങളുടെ സീറ്റും കേബിളും നായ്ക്കൾ കടിച്ചുകീറി നശിപ്പിക്കുന്നുണ്ട്

തെരുവ് നായ്ക്കളെ ഭയന്ന് ജീവിക്കാൻ കഴിയാത്ത സ്ഥിതിയിലായിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല

- പ്രദേശവാസികൾ