
മാന്നാർ: ഒടിഞ്ഞു വീഴാറായ വൈദ്യുത തൂൺ മാറ്റിയിടാതെ കെ.എസ്.ഇ.ബി താങ്ങ് കൊടുത്തു നിർത്തി. മാന്നാർ തട്ടാരമ്പലം സംസ്ഥാനപാതയിൽ മാന്നാർ കുറ്റിയിൽ ജംഗ്ഷന് പടിഞ്ഞാറ് വാന്യത്ത് ജംഗ്ഷനിലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കെ.എസ്.ഇ.ബി വൈദ്യുതി തൂണിനെ താങ്ങി നിർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഏതോ വാഹനം ഇടിച്ചതിനെ തുടർന്നാണ് വൈദ്യുതി തൂണിന്റെ ചുവട് ഭാഗം തകർന്നത്. ഇന്നലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഇരുമ്പ് കൊണ്ട് താങ്ങി നിറുത്തിയത്. നൂറു കണക്കിന് വാഹനങ്ങളും വിദ്യാർത്ഥികൾ അടക്കം നിരവധി കാൽനട യാത്രക്കാരും കടന്നു പോകുന്ന പ്രധാന പാതയിൽ അപകടാവസ്ഥയിലായ വൈദ്യുത തൂൺ മാറ്റിയിടാതെ കെ.എസ്.ഇ.ബി കാണിച്ച അലംഭാവത്തിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. വൈദ്യുത തൂൺ ഉടൻ മാറ്റിയിടുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.