ph

കായംകുളം: ജീവത കളിയ്ക്കുള്ള ക്ഷേത്രകലാ അവാർഡ് നേടിയതിന്റെ സന്തോഷത്തിത്തിലാണ് കായംകുളം കീരിക്കാട് മാങ്കുളം ജി കെ നമ്പൂതിരി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രകലാ അക്കാദമിയാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരത്തിൽ ഒരു അവാർഡ് ഏർപ്പെടുത്തിയത്.

മകരക്കൊയ്ത്ത് കഴിഞ്ഞ് ജീവതയുടെ തണ്ടിലേറി ദേവീദേവൻമാർ ഭക്തരുടെ വീടുകളിൽ പറയ്ക്കെഴുന്നള്ളന്നത് ഓണാട്ടുകരയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. കേരളീയ കലകളിൽ മേളമുഖരിതവും പ്രൗഢഗംഭീരവുമാണ് ഈ എഴുന്നള്ളത്ത്. ജീവത കലാവാസന പാരമ്പര്യമായി ലഭിച്ചയാളാണ് മാങ്കുളം ജി.കെ.നമ്പൂതിരി. ഓണാട്ടുകരയിലെ ജീവത കളിയ്ക്ക് മുഖ്യമായി മൂന്നു ചിട്ടകൾ അഥവാ സമ്പ്രദായങ്ങളാണുള്ളത്. രാമപുരം,കാരായ്മ ,ചെട്ടികുളങ്ങര എന്നിവയാണ് ചിട്ടകൾ. ഇതിൽ രാമപുരം ചിട്ട അഥവാ പടിഞ്ഞാറൻ ചിട്ടയിലുള്ള എഴുന്നള്ളത്തിൽ കീരിക്കാട് മാങ്കുളം ഇല്ലത്തിനുള്ള പങ്ക് വലുതാണ്.

കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാങ്കുളം കേശവൻ നമ്പൂതിരി ,പുത്രൻ ഗോവിന്ദൻ നമ്പൂതിരി എന്നിവരിലൂടെയാണ് ഈ ശൈലിയിലുള്ള എഴുന്നള്ളത്തിൽ ഏറെ പ്രചാരവും വ്യവസ്ഥയും കൈവന്നതെന്ന് ജി.കെ.നമ്പൂതിരി പറഞ്ഞു. ജീവത തോളിലേറ്റി താളം ചവിട്ടുക മാത്രമല്ല ഡോക്യുമെന്ററികളും ലേഖനങ്ങളും പ്രകാശിപ്പിച്ച് ഇതിന്റെ പ്രചാരണത്തിനായും നിരന്തരം പ്രവർത്തിക്കുന്നുമുണ്ട് ജി.കെ.നമ്പൂതിരി.

സംസ്ഥാന അദ്ധ്യാപക അവാർഡ് , ഗ്ലോബൽ ടീച്ചർ അവാർഡ്, ശിക്ഷക് രത്ന പുരസ്കാരം, വിദ്യാനിധി പുരസ്കാരം , കലാരത്ന, സാഹിത്യ മിത്രം, ടാഗോർ പുരസ്കാരം , ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ തുടങ്ങിയ നിരവധി ബഹുമതികൾ മാങ്കുളം ജി കെ നമ്പൂതിരിക്ക് ലഭിച്ചിട്ടുണ്ട്.