ആലപ്പുഴ : നഗരത്തിൽ തെരുവു നായ്ക്കളെ പിടികൂടുന്നതിന് ശുചീകരണത്തൊഴിലാളികൾക്ക് പരിശീലനം നൽകാനുള്ള തീരുമാനം പാളി. നായപിടുത്തതിനിറങ്ങാൻ തൊഴിലാളികൾ വിസമ്മതം പ്രകടിപ്പിച്ചതാണ് കാരണം.

ഈ ജോലിക്ക് ഇവരെ നിർബന്ധിക്കാൻ സാധിക്കാത്തതിനാൽ പ്രതിസന്ധിയിലാണ് നഗരസഭാധികൃതർ. ഇനി പ്രത്യേകം ആളെ എടുത്ത് പരിശീലനം നൽകുകയോ പരിശീലനം ലഭിച്ചവരെ നിയമിക്കുകയോ ചെയ്യണം. നഗരസഭയിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ച രണ്ട് ഡോഗ് ക്യാച്ച‌ർമാരെങ്കിലും വേണം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഊട്ടിയിലാണ് നായപിടുത്തത്തിനുള്ള പരിശീലനം നൽകുക. ജൂലായ് 29ന് നടന്ന കൗൺസിലിലാണ് തെരുവ് നായകളെ നിയന്ത്രിക്കുന്നതിനായി ശുചീകരണ തൊഴിലാളികൾക്ക് പരിശീലനം നൽകാൻ തീരുമാനിച്ചത്. നഗരത്തിൽ നിലവിൽ വാക്സിനേഷനും അത്യാവശ്യഘട്ടങ്ങളിൽ തെരുവ് നായകളെ പിടികൂടുന്നതിനും മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നാണ് ആളെ എത്തിക്കുന്നതിന്. ഒരു നായക്ക് 300 രൂപ നിരക്കിൽ ഇവർക്ക് നൽകണം.

നഗരസഭയുടെ നീക്കം പാളി

 യാത്രക്കാരുടെ പിന്നാലെ പാഞ്ഞെത്തി കടിക്കുന്ന തെരുവ് നായകളെ നിയന്ത്രിക്കുന്നതിന് നഗരസഭ കാര്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്

 നായ്ക്കൾക്കുള്ള പ്രതിരോധ വാക്‌സിനേഷൻ പ്രക്രിയ പലപ്പോഴും പേരിന് മാത്രമായി നടത്തുന്നുവെന്നാണ് ആരോപണം

 നഗരത്തിൽ റെയിൽവേ സ്റ്റേഷൻ, സീവ്യൂ വാർഡ്, കൊച്ചുകടപ്പാലം, കെ.എസ്.ആർ.ടി.സി സ്റ്രാൻഡ്, ഡച്ച് സ്ക്വയർ എന്നിവിടങ്ങളിലെല്ലാം നായ ശല്യം രൂക്ഷമാണ്

 തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി ഓരോ വർഷവും തദ്ദേശ സ്ഥാപനങ്ങൾ ബഡ്ജറ്റിൽ തുക അനുവദിക്കാറുണ്ടെങ്കിലും ഒന്നും കൃത്യമായി നടപ്പാകുന്നില്ല

 ഭരണസിരാകേന്ദ്രമായ കളക്ടറേറ്റ്, ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം, കോടതി എന്നിവിടങ്ങളിലെല്ലാം തെരുവുനായ് കൂട്ടം തമ്പടിച്ചിരിക്കുകയാണ്.