
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗ്യാസ്ട്രോ എൻട്രോളജി ഒ.പി വിഭാഗത്തിൽ ചികിത്സ തേടി എത്തുന്ന രോഗികൾ ദുരിതത്തിൽ. രാവിലെ എത്തുന്നവർക്ക് വൈകുന്നേരമായാലും പരിശോധന കഴിഞ്ഞ് മടങ്ങാനാകില്ല. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ചൊവ്വാഴ്ച മാത്രം പ്രവർത്തിക്കുന്ന ഒ.പി വിഭാഗത്തിൽ 250-300 ഓളം പേരാണ് പരിശഓധനയ്ക്കായി എത്തുന്നത്. ഒരു ഡോക്ടർ മാത്രമാണ് ഒ.പി വിഭാഗത്തിൽ രോഗികളെ പരിശോധിക്കാനായി ഉണ്ടാവുക. 3 അസോസിയേറ്റ് പ്രൊഫസർമാരുടെയും എൻഡോസ്കോപ്പി ടെക്നീനീഷ്യന്റെയും ഒഴിവ് ഇതുവരെ അധികൃതർ നികത്തിയിട്ടില്ല.
രാവിലെ 7മുതൽ തന്നെ ഒ.പി ചീട്ടെടുത്ത് നിൽക്കുന്നവരുണ്ട്. കഴിഞ്ഞദിവസം വൈകുന്നേരം 3മണിയായിട്ടും 100രോഗികളെ മാത്രമേ പരിശോധിക്കാനായുള്ളൂ. 60 ഓളം പേർ അപ്പോഴും നിരയിൽ അവശേഷിക്കുന്നുണ്ടായിരുന്നു. ഇതോടെ രോഗികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഒരാൾക്കു മാത്രമായി ഇത്രയും രോഗികളെ പരിശോധിക്കാനാവില്ലെന്നും, ആശുപത്രിയിലെ ജീവനക്കാർ തന്നോട് സഹകരിക്കുന്നില്ലെന്നുമാണ് ഡോക്ടർ പറഞ്ഞത്. ആവശ്യത്തിന് ഡോക്ടർമാരെയും ടെക്നീഷ്യന്മാരേയും നിയമിച്ചാൽ മാത്രമെ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം സുഗമമായി പ്രവർത്തിക്കാനാവുവെന്നും ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ ഡോ.ശ്രീജയ വ്യക്തമാക്കി.