
അമ്പലപ്പുഴ: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആലപ്പുഴ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി. അറവുകാട് ഹയർ സെക്കൻഡറി, ഹൈസ്കൂൾ, എൽ. പി സ്കൂൾ, പുന്നപ്ര യു. പി .എസ്, സെന്റ് ജോസഫ് എച്ച്. എസ് എന്നീ സ്കൂളുകളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ 71 സ്കൂളുകളിൽ നിന്നായി 2000 ത്തോളം വിദ്യാർത്ഥികളാണ് മാറ്റുരക്കുന്നത്. പ്രവൃത്തിപരിചയമേള, ഐ.ടി മേള, സോഷ്യൽ സയൻസ് മേള, ഗണിതശാസ്ത്രമേള, സയൻസ് മേള എന്നിങ്ങനെ വിവിധ സെക്ഷനുകളിലാണ് ശാസ്ത്രോത്സവം നടക്കുക. സമ്മേളനം എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. അറവുകാട് ഹൈസ്കൂളിൽ നടത്തിയ സമ്മേളനത്തിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സൈറസ് അദ്ധ്യക്ഷനായി. ആലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. കെ. ശോഭന, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ. കെ. ബിജുമോൻ,ബി. പി .സി സന്ദീപ് ഉണ്ണികൃഷ്ണൻ, ഹൈസ്കൂൾ പ്രഥാനാദ്ധ്യാപിക പി .കെ .സജീന, എച്ച് .എം ഫോറം കൺവീനർ വി. വി. ആന്റണി, സ്കൂൾ മാനേജർ ബിനീഷ് ബോയ്, കളർകോട് എൽ. പി .എസ് പ്രഥാനാദ്ധ്യാപിക പി. പി. ശാലിനി, വിവിധ അദ്ധ്യാപക സംഘടനാ പ്രതിനിധികളായ ആർ. അരുൺ, സന്ധ്യാ റാണി, റിസപ്ഷൻ കമ്മിറ്റി കൺവീനർ ജോമി ജോൺസൺ, പി. കെ .ഉമാനാഥ് എന്നിവർ സംസാരിച്ചു. നാളെ ഉച്ചയ്ക്ക് 2ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി .രാജേശ്വരി ഉദ്ഘാടനം ചെയ്യും.