s

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിൽ വീണ് പരിക്കേറ്റ യാത്രക്കാരനെ കണ്ടക്ടറും ഡ്രൈവറും ആശുപത്രിയിലെത്തിച്ചില്ലെന്ന് പരാതി. പാതിരപ്പള്ളി തെക്കനാര്യാട് കിഴക്കേവെളിയിൽ അഭിലാഷിനാണ്(43) പരിക്കേറ്റത്.തിങ്കളാഴ്ച രാത്രി 11.45ന് തൃശൂർ -വിഴിഞ്ഞം റൂട്ടിൽ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ പാതിരപ്പള്ളി കെ.എസ്.ഡി.പിക്ക് സമീപമായിരുന്നു അപകടം.

വെൽഡിംഗ് തൊഴിലാളിയായ അഭിലാഷ് ജോലി കഴിഞ്ഞ് ചേർത്തലയിൽ നിന്നാണ് ബസിൽ കയറിയത്. ഇറങ്ങേണ്ട സ്റ്റോപ്പായ പാതിരപ്പള്ളി അടുക്കാറായപ്പോൾ എഴുന്നേറ്റ അഭിലാഷ്, ബസ് ഗട്ടറിൽ വീണതോടെ താഴെവീണു. കഴുത്ത് ഹാൻഡ് റെയിലിൽ ശക്തമായി ഇടിച്ചു.കടുത്ത വേദനയും ശ്വാസതടസ്സവും നേരിട്ടതോടെ തന്നെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടിട്ടും ജീവനക്കാർ തയ്യാറായില്ല.

മാത്രവുമല്ല അഭിലാഷിനെ ബസ് ജീവനക്കാർ കെ.എസ്.ഡി.പിക്ക് സമീപം ഇറക്കിവിടുകയായിരുന്നു. വേദന സഹിക്കാതെ റോഡരികിലിരുന്ന അഭിലാഷ് സുഹൃത്തുക്കളെ ഫോണിൽ വിളിച്ചുവരുത്തി.വാഹനത്തിൽ കയറാനാവാത്തെ 108 ആംബുലൻസ് എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.അത്യാഹിത വിഭാഗത്തിൽ ചികിത്സ തുടരുന്ന അഭിലാഷിന് ആറ് മാസത്തെ പൂർണ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.അഭിലാഷിന്റെ വാരിയെല്ലിന് പൊട്ടലും കഴുത്തിന് ഒടിവുമുണ്ടായി.

ഭാര്യയും വിദ്യാർത്ഥികളായ മക്കളും പ്രായമായ മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് അഭിലാഷ്.ചികിത്സ ഉറപ്പാക്കാതെ കടന്നുകളഞ്ഞ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ പരാതി നൽകുമെന്ന് അഭിലാഷ് പറഞ്ഞു.