
കായംകുളം: സ്ഥലം ഏറ്റെടുത്തിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും കൃഷ്ണപുരം മാമ്പ്രക്കന്നേൽ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം തുടങ്ങാനായില്ല. എസ്‌റ്റിമേറ്റിലുണ്ടായ വർദ്ധനവ് സർക്കാർ അനുവദിക്കാത്തതിനാലാണ് നിർമ്മാണം അനിശ്ചിതത്വത്തിലായത്. 31.21 കോടിരൂപയാണ് പാലം നിർമ്മാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനുമായി കിഫ്ബിയിൽ നിന്ന് അനുവദിച്ചിരുന്നതെങ്കിലും ടെൻഡർ ക്ഷണിച്ചപ്പോൾ എസ്റ്റിമേറ്റ് തുകയെക്കാൾ 25% അധിക തുകയ്ക്കാണ് ഊാരാളുങ്കൽ സൊസൈറ്റി ക്വട്ടേഷൻ സമർപ്പിച്ചത്.
റീടെൻഡറിലും മറ്റാരും പങ്കെടുക്കാതിരുന്നതിനാൽ അധികതുകയ്ക്ക് കരാർ നൽകാൻ കിഫ്ബി അനുമതി നൽകിയെങ്കിലും സർക്കാർ അനുമതി ലഭിച്ചിട്ടില്ല. കിഫ്ബി സ്പെഷൽ തഹസിൽദാറുടെ നേതൃത്വത്തിൽ പാലം നിർമാണത്തിനാവശ്യമായ 203 സെന്റ് സ്ഥലമാണ് 37 പേരിൽ നിന്ന് ഏറ്റെടുത്ത് നിർമാണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന് കൈമാറിയിട്ടുള്ളത്.
മേൽപാലം പൂർത്തിയാകാന്നതോടെ ഒരു പ്രദേശത്തിന്റെ പതിറ്റാണ്ടുകളോളം നീണ്ട യാത്രാദുരിതങ്ങൾക്ക് പരിഹാരമാകും. 2017-2018 സംസ്ഥാന ബഡ്ജറ്റിൽ 60 കോടി രൂപ ഇതിനായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻഒഫ് കേരള തയ്യാറാക്കിയ വിശദമായ എസ്റ്റിമേറ്റ് കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി പരിശോധിച്ച് 31.21 കോടി രൂപയുടെ അംഗീകാരം നൽകുകയായിരുന്നു.
..................
# പതിറ്റാണ്ടുകളോളം നീണ്ട യാത്രാദുരിതങ്ങൾക്ക് പരിഹാരം
1.671 മീറ്റർ നീളത്തിലും 10.2 മീറ്റർ വീതിയിലും പതിനൊന്ന് സ്പാനുകളുളള മേൽപ്പാലമാണ് നിർമ്മിക്കുന്നത്.
2 .470 മീറ്റർ നീളത്തിൽ രണ്ട് വരി പാതയായി അപ്രോച്ച് റോഡും 1.50മീറ്റർ വീതിയിൽ നടപ്പാതയും 5.50 മീറ്റർ വീതിയിൽ നടപ്പാതയോടു കൂടിയ സർവ്വീസ് റോഡും ഉൾപ്പെടുത്തി.
3. പാലത്തിന്റെ ഒരുവശത്ത് 1.50 മീറ്റർ വീതിയിൽ നടപ്പാതയും മറുവശത്ത് റെയിൽ മുറിച്ച് കടക്കുന്നതിനായി സ്റ്റേയർ കേസും ഉണ്ടാകും.
4. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ ഒഫ് കേരളയ്ക്കാണ് നിർമ്മാണച്ചുമതല .
............
ദേശീയപാതയിൽ നിന്ന് വള്ളികുന്നത്തേക്കും കെ.പി. റോഡിലേക്കുമുള്ള പ്രധാന റോഡിലാണ് ഈ ലെവൽ ക്രോസ്. കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള തീവണ്ടികൾ കടന്നുപോകുന്നതിനാൽ ഗേറ്റ് നിരന്തരം അടച്ചിടുകയാണ് ചെയ്യുന്നത്. ഇരുഭാഗത്തേക്കും തീവണ്ടികൾ പോകാനുണ്ടെങ്കിൽ ഗേറ്റ് തുറക്കാൻ പിന്നെയും ഏറെനേരം കാത്തുകിടക്കേണ്ടിയും വരും. ഗതാഗത പ്രശ്നം രൂക്ഷമായതോടെ 2004 മുതൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ജനങ്ങൾ സമര രംഗത്താണ്.