ചേർത്തല : നഗരത്തിലെ ലോട്ടറി ടിക്കറ്റ് വിൽപ്പനശാലയിൽ നിന്ന് 2.16ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പണവും നഷ്ടപ്പെട്ട കേസിൽ പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കി.നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ സി.സി. ടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. പൊലീസ് നായ സഞ്ചരിച്ച വഴികളിലേയും സമീപത്തെ കടകളിലേയും ക്യാമറകൾ പൊലീസ് പരിശോധിച്ചു. ചേർത്തല ദേവീ ക്ഷേത്രത്തിന് തെക്കുവശം കണിച്ചുകുളങ്ങര പള്ളിക്കാവുവെളി ലത ബാബുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബ്രദേഴ്സ് ലോട്ടറി ടിക്കറ്റ് വിൽപ്പനശാലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. മൂന്ന് ദിവസത്തെ 5143 ടിക്കറ്റുകളും പൂജ ബംമ്പറിന്റെ 20 ടിക്കറ്റുകളാണ് മോഷ്ടിച്ചത്. മോഷ്ടിക്കപ്പെട്ട സ്ത്രീശക്തി ലോട്ടറിയിൽ 1000ത്തിന്റെയും ,200 ന്റേയും,100ന്റെയും ടിക്കറ്റുകൾ സമ്മാനാർഹമായിട്ടുണ്ട്. ഇന്ന് നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ 525 ടിക്കറ്റുകളും നഷ്ടപ്പെട്ടിട്ടുണ്ട്.നഷ്ടപ്പെട്ട ടിക്കറ്റുകളിൽ സമ്മാനാർഹമായവയുടെ സീരിയൽ നമ്പരുകൾ അടക്കമുള്ള വിവരങ്ങൾ പൊലീസ് മറ്റ് ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. ചേർത്തല സി.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.