
ആലപ്പുഴ: കടത്തിൽ മുങ്ങി ചക്രശ്വാസം വലിക്കുന്ന വാട്ടർ അതോറിട്ടിയെ സർക്കാരും കൈവിട്ടതോടെ പ്രതിസന്ധി അതിരൂക്ഷമായി. ശമ്പളം, പെൻഷൻ, പ്രവർത്തനച്ചെലവുകൾ എന്നിവയ്ക്ക് നടപ്പുസാമ്പത്തിക വർഷം 376 കോടി രൂപ ആവശ്യപ്പെട്ടപ്പോൾ നൽകിയത് വെറും 37 കോടി. 130 കോടി മാസച്ചെലവ്. വരവ് 90 കോടിയിൽ താഴെയും.
2025-26ലെ ബഡ്ജറ്റിൽ പ്രവർത്തന, പരിപാലനച്ചെലവുകൾ, പലിശയടയ്ക്കൽ, വായ്പകളുടെ തിരിച്ചടവ് എന്നിവയ്ക്ക് 332.28 കോടിയാണ് പദ്ധതിയേതര ഗ്രാന്റ് പ്രഖ്യാപിച്ചത്. എന്നാൽ, മൂന്ന് ഗഡുക്കളായി കിട്ടിയത് 37 കോടിയും.
വേനൽക്കാലത്തിനു മുമ്പ് 920 കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികൾ നടത്തണം. വൈദ്യുതി ചാർജ് കുടിശ്ശിക കുറച്ചെങ്കിലും തീർക്കണം. ശമ്പളമുൾപ്പെടെ മുടങ്ങാതിരിക്കണമെങ്കിലും സർക്കാർ സഹായം വേണം.
കുടിവെള്ളപദ്ധതി കുഴൽക്കിണറുകൾ മിക്കതും പ്രവർത്തിക്കുന്നില്ല. ഇവയിലെ മോട്ടോറും ഓവർ ഹെഡ് ടാങ്കുകളും നന്നാക്കണം, പൈപ്പ് ലൈനുകളിലെ പൊട്ടലുകൾ പരിഹരിക്കണം, ഇങ്ങനെ കൈയിലൊതുങ്ങാതെ ചെലവ് നീളുന്നു. സർക്കാർ സ്ഥാപനങ്ങൾ വരുത്തിയ കോടികളുടെ കുടിശ്ശികയാണ് വാട്ടർ അതോറിട്ടിയെ ഈ നിലയിലെത്തിച്ചത്.
കരാറുകാർക്ക്
6500 കോടി കുടുശ്ശിക
വാട്ടർ അതോറിട്ടി കരാറുകാർക്ക് 6500 കോടി കിട്ടാനുണ്ട്. ഇതിൽ പകുതി വീതം കേന്ദ്രവും
സംസ്ഥാനവുമാണ് നൽകേണ്ടത്.
ജീവനക്കാർ
8863
പെൻഷൻകാർ
8024
പ്രതിമാസ ചെലവ്
ശമ്പളം...........42 കോടി
പെൻഷൻ......27 കോടി
വൈദ്യുതി ചാർജ്.....42 കോടി
കരാറുകാർ..........10 കോടി
അറ്റകുറ്റപ്പണികൾ.....7 കോടി
വായ്പാ തിരിച്ചടവുകൾ......2കോടി
ആകെ: 130 കോടി
പ്രതിമാസ വരവ്: 85 - 90 കോടി
..........................
കരാറുകാർ ആത്മഹത്യയുടെ വക്കിലാണ്. പണികൾ നിറുത്തിവച്ചിരിക്കുകയാണ്. സംസ്ഥാന വിഹിതം പോലും ലഭിക്കാത്ത സാഹചര്യത്തിൽ ജലവിതരണം പ്രതിസന്ധിയിലാകും
- വർഗീസ് കണ്ണമ്പള്ളി, പ്രസിഡന്റ്,ഗവ.കോൺട്രാക്ടേഴ്സ് അസോ.
ശമ്പളമുൾപ്പെടെയുള്ള ചെലവുകൾക്കുള്ള പണമാണ് അനുവദിച്ചത്. ബഡ്ജറ്റിൽ വകയിരുത്തിയ ബാക്കി തുകയും ഗഡുക്കളായി അനുവദിക്കും
- ഡയറക്ടറേറ്റ്, വാട്ടർ അതോറിട്ടി