s

ആലപ്പുഴ: ആലപ്പുഴ നഗരത്തിന്റെ മുഖമുദ്ര യാക്കി നഗരചത്വരത്തെ മാറ്റാനുള്ള പ്രഖ്യാപനങ്ങൾ പാഴ് വാക്കായി. ചത്വരത്തിനുള്ളിലുള് ള കുട്ടികളുടെ പാർക്ക് കാട് കയറി നശിച്ചു. ജില്ലാ കോടതി പാലത്തിന്റെ നവീകരണത്തിന്റെ ഭാഗമായി ചെറുവാഹനങ്ങൾ ഇപ്പോൾ ചത്വരത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നത്. ഇതോടെ പലരും യാത്രാമദ്ധ്യേ കളിയുപകരണങ്ങൾ കണ്ട് കുട്ടികളുമായി സ്ഥലത്തിറങ്ങുണ്ട്. എന്നാൽ വർഷങ്ങളായി പ്രവർത്തനം നിലച്ചുകിടക്കുന്നതും കാടുപിടിച്ചു കിടക്കുന്നതുമായ പ്രദേശം ഇഴജന്തുക്കളുടെ വാസ്ഥസ്ഥലമാണ്.ഈ വിവരമറിയാതെയാണ് പലരും കടന്നുവരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശം നവീകരിക്കാനായി ബൃഹത് പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും എല്ലാം ചുവപ്പ് നാടയിൽ കുരുങ്ങിയ മട്ടാണ്. ചത്വരത്തിന്റെ മോടി കൂട്ടി വിനോദ- സാംസ്‌കാരിക കേന്ദ്രമാക്കുമെന്നായിരുന്നു വാഗ്ദാനം. ഗതാഗതത്തിന് വേണ്ടി തുറന്നു കൊടുത്തതോടെ ചത്വരത്തിൽ സാംസ്കാരിക പരിപാടികളും ഇപ്പോൾ നടക്കാറില്ല. മേൽക്കൂര നിർമ്മാണം, സ്റ്റേജിന് മോഡി കൂട്ടൽ, ബാൽക്കണി നിർമ്മാണം, ടൈൽ പാകൽ തുടങ്ങിയ നവീകരണങ്ങൾ നടത്തിയാണ് നഗരചത്വരത്തെ ആധുനികമാക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. ഇതിനായി 2022 - 23 വർഷത്തെ ബഡ്ജറ്റിൽ മൂന്നുകോടി രൂപ വകയിരുത്തിയിരുന്നു. നഗരചത്വരത്തെ ആധുനികവത്കരിക്കുക എന്ന ആശയം പി.പി. ചിത്തരഞ്ജന്‍ എം.എൽ.എ.യായിരുന്നു മുന്നോട്ട് വച്ചത്. രണ്ടേകാൽ കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച നഗരചത്വരം 2012 ലാണ് ഉദ്ഘാടനം ചെയ്തത്.

..............

# ഇഴജന്തുക്കളുടെ താവളം

നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചത്വരം പോലും സംരക്ഷിക്കാൻ സാധിക്കാതെ എന്ത് ഭരണമാണിവിടെ കാഴ്ച്ചവയ്ക്കുന്നത്. ചത്വരത്തിലെ പാർക്കിലെത്തുന്ന കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തെങ്കിലും പ്രദേശത്തെ കാടുവെട്ടി തെളിച്ച് ഇഴജന്തുശല്യം ഒഴിവാക്കണം

-അനീഷ്, പ്രദേശവാസി