
അമ്പലപ്പുഴ: പൊതുതോട് സ്വകാര്യവ്യക്തി കൈയേറി മതിൽകെട്ടിയതോടെ പ്രദേശം വെള്ളക്കെട്ടിലായി. അമ്പലപ്പുഴ വടക്ക് ആറാം വാർഡ് വളഞ്ഞവഴി എസ്.എൻ കവലക്ക് കിഴക്കുള്ള പതിന്നാലോളം കുടുംബങ്ങളാണ് വെള്ളക്കെട്ടിൽ കഴിയുന്നത്. എസ്.എൻ കവല -കഞ്ഞിപ്പാടം റോഡിൽ താമരപള്ളിച്ചിറ ഗീതയുടെ വീട് മുതൽ വടക്കോട്ടുള്ള 14 ഒാളം കുടുംബങ്ങളാണ് കാലങ്ങളായി വെള്ളക്കെട്ടിന്റെ ദുരിതത്തിൽ കഴിയുന്നത്. ചെറിയ മഴ പെയ്താൽ പോലും പ്രദേശം വെള്ളക്കെട്ടിലാകും. പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. കൊച്ചുകുട്ടികളും വയോധികരുമടക്കം നിരവധിപേരാണ് വെള്ളക്കെട്ടിൽ ദുരിതത്തിൽ കഴിയുന്നത്. ചെറിയ മഴയിൽപ്പോലും മലിന ജലത്തിൽ മുട്ടറ്റം നീന്താനാണ് ഇവരുടെ ദുർവിധി. പത്തടിയോളം വീതിയുണ്ടായിരുന്ന തോട് പലരും കൈയേറി നിലവിൽ കാനയുടെ വീതിയാണ് ഉള്ളത്. മലിനജലത്തിലൂടെ നടന്ന് പലർക്കും അസുഖങ്ങളും പിടിപെട്ടു. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പല കുടുംബത്തിനും പ്രാഥമികാവശ്യം നിർവഹിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.പ്രദേശത്തെ വെള്ളക്കെട്ടിന് അടിയന്തരപരിഹാരം കാണെണമെന്ന് പീസ് റെസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി ബഷീർ തുണ്ടിൽ, പ്രസിഡന്റ് ഹാഷിം കൊല്ലംപറമ്പ് എന്നിവർ ആവശ്യപ്പെട്ടു. കൂടാതെ തോടിന്കുറുകെ മതിൽ കെട്ടിയതും നീരൊഴുക്കിന് തടസമായി.
................
പ്രദേശത്തെ വെള്ളം ഒഴുകിമാറുന്നതിനായി എസ്.എൻ കവല- കഞ്ഞിപ്പാടം റോഡിന് കുറുകെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പൈപ്പ് സ്വകാര്യവ്യക്തി അടച്ചതാണ് വെളളക്കെട്ടിന് കാരണം. ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണം
-നാട്ടുകാർ