ആലപ്പുഴ: സമസ്തകേരള സാഹിത്യപരിഷത്ത് സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ സുവർണസ്മൃതി നാളെ രാവിലെ 9.30മുതൽ വൈകിട്ട് 4.30വരെ വയലാർ രാഘവപറമ്പ് ചന്ദ്രകളഭം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് വയലാറിന്റെ പത്നി ഭാരതി തമ്പുരാട്ടി ഭദ്രദീപം തെളിയിക്കും. തുടർന്ന് ചേരുന്ന സമ്മേളനം സാഹിത്യനിരൂപകനും കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ പ്രഫ. എം. തോമസ് മാത്യു ഉദ്ഘാടനം ചെയ്യും. സംസ്ഥാനപ്രസിഡന്റ് സി. രാധാകൃഷ്ണണൻ അദ്ധ്യക്ഷത വഹിക്കും. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. നെടുമുടി ഹരികുമാർ, ആർ.കെ. ദാമോധരൻ, വയലാർ ശരത്ചന്ദ്രവർമ, ഡോ. ടി.എസ്. ജോയി തുടങ്ങിയവർ വയലാർ അനുസ്മരണം നടത്തും. ഉച്ചക്ക് രണ്ടിന് വയലാറിന്റെ ഗാനപ്രപഞ്ചം എന്ന വിഷയത്തിൽ ഗാനനിരൂപകൻ രവി മോനോൻ സംസാരിക്കും. വയലാർ രാമവർമയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് പരിപാടി. വാർത്തസമ്മേളനത്തിൽ സാഹിത്യപരിഷത്ത് ജനറൽ സെക്രട്ടറി നെടുമുടി ഹരികുമാർ, സെക്രട്ടറി ശ്രീമൂലനഗരം മോഹൻ എന്നിവർ പങ്കെടുത്തു.