
മാന്നാർ: ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനി) 123-ാം ഓർമ്മപ്പെരുന്നാൾ 26 മുതൽ നവംബർ 3 വരെ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 26 ന് ഉച്ചക്ക് 2ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ കൊടിയേറ്റ് നിർവ്വഹിക്കും. 3ന് ഒരാഴ്‌ച നീണ്ടു നിൽക്കുന്ന തീർത്ഥാടന വാരാഘോഷ പൊതുസമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5 മുതൽ നവംബർ 2 വരെ ഓർത്തഡോക്‌സ് ക്രൈസ്‌തവ യുവ ജനപ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ 1611 മണിക്കൂർ നീണ്ടു നിൽക്കുന്ന അഖണ്‌ഡ പ്രാർത്ഥന ആരംഭിക്കും. 27 ന് 10 ന് സെൻ്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് സമ്മേളനം ഗീവറുഗീസ് മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 3 ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ വിതരണം ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. 27 മുതൽ 31 വരെ എല്ലാ ദിവസവും വൈകിട്ട് 4 ന് ഗ്രിഗോറിയൻ പ്രഭാഷണം നടക്കും. 28ന് രാവിലെ 10ന് കർഷകസംഗമം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2ന് മദ്യവർജ്ജന ബോധവത്കരണ പ്രോഗ്രാം മന്ത്രി കെ.കൃഷ്‌ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
29ന് രാവിലെ 10ന് അഖില മലങ്കര മർത്തമറിയം വനിതാസമാജം സമ്മേളനം, ഉച്ചക്ക് 2ന് അഖില മലങ്കര ശുശ്രൂഷക സംഗമവും സഭാകവി സി.പി.ചാണ്ടി അനുസ്‌മരണവും, 30ന് രാവിലെ 10ന് വൈദിക സമ്മേളനം, പരുമല സെമിനാരി എൽ.പി സ്‌കൂളിലെ കുട്ടികളുടെ സംഗമം 'ഗുരുവിൻ സവിധേ' , 2ന് പ്രേട്രൺസ് ഡേ സെലിബ്രേഷൻ, 31ന് രാവിലെ 10ന് പരിസ്ഥിതി സെമിനാർ എന്നിവ നടക്കും.
നവംബർ 1ന് രാവിലെ 10ന് സന്യാസ സമൂഹ സമ്മേളനം ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലിത്താ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് യുവജനസംഗമം, 2ന് ഉച്ചക്ക് 2.30ന് തീർത്ഥാടന വാരാഘോഷ സമാപന സമ്മേളനം, 3ന് ഉച്ചക്ക്12ന് മാർ ഗ്രീഗോറിയോസ് വിദ്യാർത്ഥി പ്രസ്ഥാന സമ്മേളനം നടക്കും. പരുമല കൗൺസിൽ സെക്രട്ടറി അഡ്വ.ബിജുഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.യെൽദോ ഏലിയാസ്, അസി.മാനേജർമാരായ ഫാ.ജെ.മാത്തുക്കുട്ടി, ഫാ.ഗീവർഗീസ് മാത്യു, കൗൺസിൽ അംഗങ്ങളായ മത്തായി റ്റി.വർഗീസ്, മാത്യു ഉമ്മൻ അരികുപുറം, പി.എ.ജോസ് പുത്തൻപുരയിൽ, മനോജ് പി.ജോർജ് പന്നായിക്കടവിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.