# തൊഴിൽ മേള നാളെ
ആലപ്പുഴ: ആലപ്പുഴ നഗരസഭ വികസന സദസ് ഇന്ന് രാവിലെ 10ന് ശതാബ്ദിമന്ദിരത്തിൽ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ വികസനരേഖ പ്രകാശനം ചെയ്യും. കഴിഞ്ഞ അഞ്ച് വർഷത്തെ വികസനങ്ങളും നിർദേശങ്ങളും ചർച്ചയാകും. ജില്ലാ കളക്ടർ അലക്‌സ് വർഗീസ് മുഖ്യാതിഥിയായും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിൻസ് തോമസ് വിശിഷ്ടാതിഥിയായും പങ്കെടുക്കും. വിജ്ഞാന കേരളം തൊഴിൽമേളയുടെ തുടർച്ചയായി നാളെ രാവിലെ 10ന് നഗരസഭയുടെ നേതൃത്വത്തിൽ
തൊഴിൽമേള സംഘടിപ്പിക്കും. രാവിലെ 10ന് ശതാബ്ദിമന്ദിരത്തിൽ നടക്കുന്ന തൊഴിൽമേള എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടെക്ജെൻഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ മുഖ്യാതിഥിയാകും. പ്രാദേശികതൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് 30ലധികം സ്വകാര്യസ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടി. ഓട്ടോമൊബൈൽ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്, പാരാമെഡിക്കൽ, ടൂറിസം, ആശുപത്രി അടക്കമുള്ള വിവിധമേഖകളിലേക്ക് 2000ലധികം ഒഴിവുകളുണ്ട്. എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം, ടി.ടി.ഐ, പ്രൊഫഷനൽ അടക്കമുള്ളവർക്ക് അവസരമുണ്ട്. നേരിട്ടും അല്ലാതെയും രജിസ്ട്രേഷൻ സൗകര്യമുണ്ട്. വാർത്താസമ്മേളത്തിൽ നഗരഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം.ആർ. പ്രേം, എം.ജി. സതീദേവി, എ.എസ്.കവിത എന്നിവർ പങ്കെടുത്തു.