ആലപ്പുഴ: നെൽകർഷകരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന മന്ത്രിമാരുടെ ഉറപ്പിൽ വിശ്വാസമില്ലെന്ന് നെൽ കർഷക സംരക്ഷണ സമിതി. നെൽ വില വർദ്ധിപ്പിക്കാനോ നയം പ്രഖ്യാപിക്കാനോ സർക്കാർ തയ്യാറാകാത്തതിനെതിരെ 29ന് ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധ സമരത്തിൽ നിന്ന് പിൻമാറില്ല. മുമ്പ് കർഷകർ നിരാഹാരം കിടന്ന വേളയിലടക്കം മുഖ്യമന്ത്രി പല വാഗ്ദാനങ്ങളും നൽകിയതല്ലാതെന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് കർഷകർ ആരോപിച്ചു. ഈ മഴക്കാലത്തും പല പാടശേഖരങ്ങളിലും വിളവെടുത്ത നെല്ല് കരകയറ്റാൻ സാധിക്കാതെ വെള്ളത്തിൽ കിടക്കുകയാണ്. എന്നാൽ കർഷകരുടെ വിഷയങ്ങളിൽ ഇടപെടാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്നും കർഷകർ പരാതിപ്പെടുന്നു. നെൽകർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 'നെൽകർഷകരോട് കരുണ കാട്ടണം' എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ മന്ത്രിസഭായോഗം ചർച്ച ചെയ്തിരുന്നു. എന്നാൽ വാഗ്ദാനങ്ങൾക്കപ്പുറം പ്രശ്ന പരിഹാരം ഉണ്ടാകുന്നത് വരെ സമരത്തിൽ ഉറച്ചുനിൽക്കാനാണ് കർഷകരുടെ തീരുമാനം.