mannar-town

മാന്നാർ : ഇന്റർലോക്ക് പാകുന്ന ജോലികൾക്കായി വെട്ടിപ്പൊളിച്ച പാതയോരം പരുമല പെരുന്നാളിന് പള്ളിയിലേക്കെത്തുന്ന പദയാത്രികരെ വലയ്ക്കും. ജലജീവൻ പദ്ധതിയിൽ കുടിവെള്ളത്തിനായി പൈപ്പിട്ട കുഴികൾ അപകടക്കെണിയായി മാറിയതോടെ പരിഹാരമായി ഇന്റർലോക്ക് പ്രവൃത്തികൾക്കായി പാതയോരം കുത്തിപ്പൊളിച്ചത്. എന്നാൽ, മാസങ്ങളായിട്ടും പണി പൂർത്തീകരിക്കാത്തതാണ് മാന്നാർ ടൗണിൽ യാത്രക്കാരെ വലയ്ക്കുന്നത്. പരുമല പെരുന്നാൾ പടിവാതിൽക്കലെത്തിയിട്ടും അധികൃതർ തുടരുന്ന നിസംഗതയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

കായംകുളം - തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ പരുമലക്കടവ് മുതൽ ചെന്നിത്തല വരെ നീളുന്ന അപകടക്കുഴികൾക്ക് പരിഹാരമായി ആദ്യഘട്ടത്തിൽ മാന്നാർ കുറ്റിയിൽ ജംഗ്ഷൻ മുതൽ പരുമലക്കടവ് ജംഗ്ഷന് വടക്ക് മുല്ലശ്ശേരിക്കടവ് ഭാഗത്തേക്ക് തിരിയുന്ന റോഡ് വരെ ഒന്നേകാൽ മീറ്റർ വീതിയിൽ മണ്ണ് നിറച്ച് ഇന്റർ ലോക്ക് വിരിക്കുന്ന പ്രവൃത്തികൾ ഓണത്തിന് മുമ്പ് ആരംഭിച്ചതാണ്. പൊതു മരാമത്ത് വകുപ്പ് നിരത്തു വിഭാഗം മാന്നാർ സെക്ഷന്റെ മേൽനോട്ടത്തിൽ തൃക്കുരട്ടി ജംഗ്ഷനിൽ ഒന്നേകാൽ മീറ്റർ വീതിയിൽ കുഴിയെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങവേ ഓണക്കച്ചവടത്തിനെ ബാധിക്കുമെന്നതിനാൽ ഇന്റർലോക്ക് വിരിക്കുന്ന പ്രവർത്തികൾ ഓണം കഴിയുന്നത് വരെ മാറ്റിവയ്ക്കണമെന്ന മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതോടെ ജോലികൾ നിർത്തിവച്ചു.

പരുമല പദയാത്രികരെ വലയ്ക്കും

 മാന്നാർ തൃക്കുരട്ടി ജംഗ്ഷൻ മുതൽ വടക്കോട്ട് ഇന്റർലോക്ക് ഇടുന്നതിന് വേണ്ടി പാതയോരം ഇളക്കിയിട്ട ശേഷമായിരുന്നു പണി നിർത്തിവച്ചത്

 മാസങ്ങൾ പിന്നിട്ടിട്ടും പണി പൂർത്തിയാക്കാത്തത് മാന്നാർ ടൗണിലെ യാത്രക്കാരെ ഏറെ വലക്കുന്നുണ്ട്

ഏറെ തിരക്കേറിയ വീതി കുറഞ്ഞ റോഡിന്റെ ഒരുവശത്ത് കുഴിയെടുത്ത് ഇട്ടിരിക്കുന്നതിനാൽ സൈഡ് കൊടുക്കാൻ വാഹനങ്ങൾ ബുദ്ധിമുട്ടുന്നു

 മഴയെത്തിയതോടെ ഈ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനടയാത്ര പോലും ദുഷ്കരമായി

ദൂരെ ദിക്കുകളിൽ നിന്നുപോലും പദയാത്രയായി എത്തുന്ന പരുമല തീർത്ഥാടകരെ ഈ കുഴികളും വെള്ളക്കെട്ടും ഏറെ വലയ്ക്കുമെന്നതിനാൽ എത്രയും വേഗം പണി പൂർത്തീകരിക്കണം

-നാട്ടുകാർ