
ആലപ്പുഴ : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം മുതൽ ബീച്ച് വരെ മിനി മാരത്തോൺ സംഘടിപ്പിക്കും. ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരായ ആയിരത്തിമുന്നൂറോളം വനിതകൾ പങ്കെടുക്കുന്ന മാരത്തോണിൽ 18നും 45നും ഇടയിൽ പ്രായമുള്ള വനിതകൾ പങ്കാളികളാകും. സ്നേഹിത ജൻഡർ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, സ്ത്രീകളിലെ മാനസിക ശാരീരിക ആരോഗ്യം വർദ്ധിപ്പിക്കുക, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലി കൗൺസിലിംഗ് സംവിധാനത്തെക്കുറിച്ച് സ്ത്രീകൾക്ക് അവബോധം ഉണ്ടാക്കുക, അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താൽക്കാലിക അഭയ കേന്ദ്രമായി പ്രവർത്തിക്കുക, സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുക, അവർക്ക് തുണയാകുക തുടങ്ങിയ സ്നേഹിത നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രചരണം നൽകുക എന്നതാണ് മിനി മാരത്തോണിന്റെ ലക്ഷ്യം. ഇ.എം.എസ് സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മാരത്തോൺ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷയാകും. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ എസ്.രഞ്ജിത്ത് സ്വാഗതവും, പ്രോഗ്രാം മാനേജർ പി.സുനിത നന്ദിയും പറയും.