ആലപ്പുഴ : അമ്പലപ്പുഴ - ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള തൃപ്പക്കുടം ഗേറ്റ് തിങ്കളാഴ്ച രാവിലെ എട്ട് മുതൽ മേൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി സ്ഥിരമായി അടച്ചിടുമെന്ന് റെയിൽവെ ആലപ്പുഴ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു. ഇതോടെ ഹരിപ്പാട് - എടത്വ റോഡിലെ ഗതാഗതം വഴി തിരിച്ചു വിടും. റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിന്റെ ഭാഗമായി ഗതാഗത ക്രമീകരണവും ഏർപ്പെടുത്തി. ഹരിപ്പാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് മുൻ വശത്തുള്ള പാർക്കിംഗ് ഒഴിവാക്കി ബദൽ പാർക്കിംഗ് സ്ഥലം കണ്ടെത്തി അനുവദിക്കുന്നതിനുള്ള നടപടി ദേവസ്വം പ്രതിനിധികൾ സ്വീകരിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ഈ സ്ഥലത്തുള്ള അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ഹരിപ്പാട് മുനിസിപ്പൽ സെക്രട്ടറി , പൊതുമരാമത്ത് എക്സിക്ക്യൂട്ടീവ് എൻജിനിയർ (റോഡ്സ് ആലപ്പുഴ) എന്നിവർക്ക് നിർദ്ദേശം നൽകി. വാഹനയാത്രികർക്ക് ആശയക്കുഴപ്പമുണ്ടാകാത്ത വിധം സൂചനാബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. പ്രധാനമായും മാധവ ജംഗ്ഷൻ, ശാസ്താംമുറി ജംഗ്ഷൻ എന്നിവിടങ്ങളിൽ ഭാരവാഹനങ്ങൾ വഴി തിരിച്ച് വിടുന്നത് സംബന്ധിച്ച ബോർഡുകൾ സ്ഥാപിക്കേണ്ടതുണ്ട്. വെള്ളാന ജംഗ്ഷൻ, വാത്തികളങ്ങര ജംഗ്ഷൻ എന്നിവിടങ്ങളിൽ 'ഹരിപ്പാട്' എന്ന സൂചനാ ബോർഡും വാത്തികുളങ്ങര ജംഗ്ഷനിൽ 'ചെറിയ വാഹനങ്ങൾ മാത്രം പോകുക' എന്ന ബോർഡും സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്.
വാഹനങ്ങൾ കടന്നുപോകേണ്ടത്
ഹരിപ്പാട് -എടത്വ റോഡിലൂടെ വരുന്ന ചെറിയ വാഹനങ്ങൾ നിലവിലുള്ള ആലിൻചുവട്, ഗണപതിയാകുളങ്ങര അടിപ്പാതകൾ വഴി പോകണം
എടത്വ ഭാഗത്ത് നിന്ന് വരുന്ന ഭാരവാഹനങ്ങൾ ശാസ്താംമുറി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ആയാപറമ്പ് റെയിൽവെ ഗേറ്റ് വഴി പടിഞ്ഞാറോട്ട് വന്ന് നേരെ ദേശീയ പാതയിൽ കയയണം. ഈ വാഹനങ്ങൾ ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് മുന്നിലൂടെ പോകാൻ പാടില്ല.
എടത്വ ഭാഗത്തേക്ക് പോകേണ്ട ഭാരവാഹനങ്ങൾ മങ്കുഴി പാലം വഴി ശാസ്താംമുറി എത്തി പോകണം
കെ.എസ്.ആർ.ടി.സി ബസുകൾ ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് മുന്നിലൂടെ പോകണം