
ആലപ്പുഴ : നാലര വർഷത്തിന് ശേഷം ആദ്യമായി സർക്കാർ പരിപാടിയിൽ ജി.സുധാകരനെ ഉൾപ്പെടുത്തി പോസ്റ്ററും നോട്ടീസുമിറക്കി. പൊതുമരാമത്ത് വകുപ്പ് തോട്ടപ്പള്ളിയിൽ പണിതീർത്ത നാലുചിറപ്പാലത്തിന്റെ നാളെ രാവിലെ നടക്കുന്ന ഉദ്ഘാടന പരിപാടിയിലാണിത്.. മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അമ്പലപ്പുഴ എം.എൽ.എയും പൊതുമരാമത്ത് മന്ത്രിയുമായിരുന്ന ജി.സുധാകരൻ മുൻകൈയെടുത്താണ് തോട്ടപ്പള്ളി നാലുചിറ
പാലം നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കുകയും 50 കോടി രൂപ അനുവദിക്കുകയും ചെയ്തത്. എന്നാൽ, കഴിഞ്ഞ നാലര വർഷത്തിനിടെ നഗരത്തിലെ നാൽപ്പാലമുൾപ്പെടെ ജി.സുധാകരന്റെ കാലത്ത് തുടക്കമിട്ട നിരവധി പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങുകളിൽ സുധാകരനെ അവഗണിച്ചിരുന്നു.തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കും പാർട്ടി നേതൃത്വത്തിന്റെ അവഗണനയ്ക്കുമെതിരെ പരസ്യ പ്രതികരണം നടത്തിയ ജി.സുധാകരനെ അടുത്തിടെ പുന്നപ്ര- വയലാർ വാർഷിക വാരാചരണച്ചടങ്ങിൽ സംബന്ധിക്കാനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി സന്ദർശിച്ചിരുന്നു. മങ്കൊമ്പിൽ വി.എസിന്റെ പേരിലുള്ള അവാർഡ് ദാന ചടങ്ങിലേക്ക് ജില്ലാ സെക്രട്ടറി ആർ.നാസറും കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാതയും വീട്ടിലെത്തി ക്ഷണിച്ചെങ്കിലും സുധാകരൻ പങ്കെടുത്തിരുന്നില്ല.
സുധാകരൻ പാർട്ടിയോട് ചേർന്നുപോകണമെന്ന പ്രതികരണം നടത്തിയ മന്ത്രി സജി ചെറിയാനും നിലപാടിൽ മാറ്റം വരുത്തി. നാലുചിറ പാലം യാഥാർത്ഥ്യമാക്കിയ ജി.സുധാകരന് ഉദ്ഘാടനത്തോടനുബന്ധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ സ്വീകരണ പരിപാടി ആസൂത്രണം ചെയ്തിരുന്നു.
നാലുചിറ പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ താൻ പങ്കെടുക്കുമോയെന്നത് പ്രസക്തമല്ലെന്ന് മാദ്ധ്യമ പ്രവർത്തകരോട് ജി.സുധാകരൻ പ്രതികരിച്ചു. മുഖ്യമന്ത്രിയാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. ബാക്കി കാര്യങ്ങൾ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.