
ആലപ്പുഴ: കണ്ണൻവർക്കി പാലത്തിന് സമീപത്തെ കയർഫെഡ് മ്യൂസിയത്തിലും ഷോറൂമിലുമുണ്ടായ തീപിടിത്തം നഗരത്തെ ഭീതിയിലാക്കി. എന്നാൽ, നിയന്ത്രണ വിധേയമാക്കിയതിനാൽ വൻദുരന്തം ഒഴിവായി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് നഗരത്തെ നടുക്കിയ തീപിടിത്തമുണ്ടായത്. അടഞ്ഞുകിടന്ന ഷോറൂമിലെ മാറ്റുകളും ബെഡുകളും കത്തിപ്പിടിച്ച് കറുത്ത പുകച്ചുരുൾ ഷട്ടറുകളുടെയും ഗ്ളാഡ് ഡോറുകളുടെയും ജനാലകളുടെയും വിടവിലൂടെ പുറത്തേക്ക് വരാൻ തുടങ്ങിയതോടെ സമീപവാസികളും വ്യാപാരികളും വഴിയാത്രക്കാരും ഭീതിയിലായി. ആലപ്പുഴയിൽ നിന്നുള്ള അഗ്നിശമന സേനയുടെ ശ്രമങ്ങൾ വിജയിക്കാതിരിക്കുകയും ഒന്നിന് പിറകെ മറ്രൊന്നായി ചങ്ങനാശേരി, ചേർത്തല, തകഴി എന്നിവിടങ്ങളിൽ നിന്ന് അരഡസനോളം ഫയർ എൻജിനുകളും ആംബുലൻസും പൊലീസ് വാഹനങ്ങളും കണ്ണൻ വർക്കി പാലം ലക്ഷ്യമാക്കി പാഞ്ഞതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജനങ്ങളും അവിടേക്ക് പാഞ്ഞെത്തി.
അഗ്നിശമന സേനയ്ക്കും സിവിൽ ഡിഫൻസ് അംഗങ്ങൾക്കുമൊപ്പം നാട്ടുകാരും കയർഫെഡ് ജീവനക്കാരും ഷോറൂമിലെ ഉൽപ്പന്നങ്ങൾ വാരി വെളിയിലേക്ക് ഇറക്കി. തുടർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.റബർ ചേർന്ന ചവിട്ടികൾ കത്തിയ ദുർഗന്ധവും പുകയും യാത്രക്കാരെപ്പോലും ബുദ്ധിമുട്ടിലാക്കി. ഇതിനിടെ ശാരീരിക അസ്വസ്ഥത നേരിട്ട രണ്ട് ജീവനക്കാരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരെയും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക്
മാറ്റിയതിന് പിന്നാലെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവൻ പേരെയും ജനറൽ ആശുപത്രിയിലെത്തിച്ച് ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി. ആവിയും മരുന്നുകളും നൽകിശേഷമാണ് ഇവരെ വിട്ടയച്ചത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
പൊളിക്കാനിട്ടിരുന്ന കെട്ടിടം
പെട്രോൾ പമ്പ് സ്ഥാപിക്കാനായി പൊളിച്ചുമാറ്രാൻ കയർ ഫെഡ് തീരുമാനിച്ച കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.കെട്ടിടം പൊളിച്ചുമാറ്രുന്നതിനും പെട്രോൾ പമ്പിനുമുള്ള അനുമതിക്കുമായി ജില്ലാ ടൗൺ പ്ലാൻറുടെ ഓഫീസിൽ നൽകിയ അപേക്ഷയിലെ നടപടികൾ വൈകുന്നതാണ് തടസമെന്ന് കയർഫെഡ് ചെയർമാൻ ടി.കെ ദേവകുമാർ പറഞ്ഞു.പൊളിക്കാൻ തീരുമാനിച്ച കെട്ടിടമായതിനാൽ ഇവിടെ ധാരാളമായി സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നില്ല.ഓണം, ദീപാവലി കച്ചവടംകഴിഞ്ഞ് ശേഷിച്ച സാധനങ്ങളായിരുന്നു അധികവും ഉണ്ടായിരുന്നത്.സ്റ്റോക്ക് കുറവായിരുന്നത് നഷ്ടത്തിനൊപ്പം ദുരന്തത്തിന്റെ വ്യാപ്തിയും കുറയ്ക്കാൻ ഇത് സഹായകമായി.അര ഏക്കറിലധികം വരുന്ന സ്ഥലത്ത് 30 സെന്റിൽ പെട്രോൾ പമ്പും ബാക്കി സ്ഥലത്ത് കയർഫെഡ് ഷോറൂമും നിർമ്മിച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്.