
അമ്പലപ്പുഴ: കരൾ രോഗിയായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ കാക്കാഴം പയ്യമ്പള്ളിൽ രാമചന്ദ്രന്റെ മകൻ രാജേഷാണ് (45) കാരുണ്യമതികളുടെ കരുണതേടുന്നത്.
അടിയന്തരമായി കരൾ മാറ്റിവച്ചില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകുന്ന അവസ്ഥയാണ്. സ്കൂൾ വിദ്യാർത്ഥിയായ രണ്ട് മക്കൾ, ഭാര്യ, പ്രായമായ മാതാപിതാക്കൾ എന്നിവർ ഉൾപ്പെടുന്ന നിർധന കുടുംബമാണ് രാജേഷിന്റേത്.
സഹോദരിയുടെ കരളാണ് രാജേഷിന് നൽകുന്നത്. 35 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കും തുടർചികിത്സക്കുമായി വേണ്ടിവരുന്നത്. ഇതിനായി അമ്പലപ്പുഴ വടക്ക് ജീവൻ രക്ഷാസമിതി ഇന്ന് വീടുകൾ കേന്ദ്രീകരിച്ച് ധനസമാഹരണം നടത്തും.
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും തെക്ക് പഞ്ചായത്തിലെ രണ്ടാം വാർഡുകളിലെയും വീടുകളിൽ നിന്നാണ് ധനസമാഹരണം നടത്തുന്നത്.