ആലപ്പുഴ: നഗരമദ്ധ്യത്തിൽ കണ്ണൻ വർക്കി പാലത്തിന് സമീപത്തെ കയർഫെഡ് ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ നിരവധി ഉത്പന്നങ്ങൾ കത്തിനശിച്ചു. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ കടകളിലേക്കും സ്ഥാപനങ്ങളിലേക്കും തീ പടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. തീപിടിത്തത്തിനിടെ ഷോറൂമിൽ നിന്ന് ഉത്പന്നങ്ങൾ നീക്കംചെയ്യാൻ ശ്രമിക്കുന്നതിനിടെ പുക ശ്വസിച്ച് അവശനിലയിലായ കയർഫെഡ് ജീവനക്കാരായ ബീനാമോൾ,​ സനീഷ് എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുക ശ്വസിച്ച് അസ്വസ്ഥതയുണ്ടായ രണ്ട് ഡസനോളം ജീവനക്കാരെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.ഷോറൂമിന്റെ മദ്ധ്യഭാഗത്തെ ഇലക്ട്രിക്കൽ പാനൽ ബോർഡിലെ ഷോർട്ട് സർക്യൂട്ടിൽ നിന്നാണ് തീ ഉയർന്നതെന്ന് സംശയിക്കുന്നു.

ഇന്നലെ രാവിലെ 8.30ഓടെ എതിർവശത്തെ കടകളിലുണ്ടായിരുന്നവരാണ് കയർഫെഡ് ഷോറൂമിനുള്ളിൽ നിന്ന് പുക ഉയരുന്നതായി സെക്യൂരിറ്റി ജീവനക്കാരനെ അറിയിച്ചത്. തുടർന്ന് ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്സും കയർഫെഡിന്റെ നഗരത്തിലെ വിവിധ യൂണിറ്റുകളിലെ ജീവനക്കാരും സ്ഥലത്തെത്തി. ഫയർ ഫോഴ്സ് വെള്ളം പമ്പ് ചെയ്ത് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഷോറൂമിനുൾവശം പുക മൂടിയിരുന്നത് രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാക്കി. ഓക്സിജൻ മാസ്ക് ധരിച്ച് സെർച്ച് ലൈറ്റുകളുടെ സഹായത്തോടെ ഷോറൂമിനുള്ളിൽ കടന്നാണ് ഫയർഫോഴ്സ് അംഗങ്ങൾ തീ കെടുത്തിയത്. ഓണം,​ ദീപാവലി കച്ചവടങ്ങൾക്ക് ശേഷം അവശേഷിച്ച വിവിധ തരം ബെഡുകൾ,​ മാറ്റുകൾ,​ തൊട്ടിലുകൾ,​ ഊഞ്ഞാലുകൾ,​ ചട്ടി,​വിവിധയിനം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവ അഗ്നിക്കിരയായി. നാട്ടുകാരും അഗ്നിരക്ഷാ സേന വോളണ്ടിയർമാരും നാട്ടുകാരും കയർഫെഡ് ജീവനക്കാരും ചേർന്ന് ബെഡുകളും ചവിട്ടികളും ഷോറൂമിൽ നിന്ന് നീക്കം ചെയ്തതാണ് നഷ്ടത്തിന്റെ തോത് കുറച്ചത്.

ആലപ്പുഴ ഫയർ സ്റ്റേഷൻ ഓഫീസർ പ്രസാദിന്റെ നേതൃത്വത്തിൽ ​ ചേർത്തല,​ ചങ്ങനാശേരി,​ തകഴി എന്നിവിടങ്ങളിൽ നിന്നുള്ള ആറ് യൂണിറ്റുകൾ മൂന്നരമണിക്കൂറിലേറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തെ തുടർന്ന് കണ്ണൻ വർക്കി പാലം വഴിയുള്ള ഗതാഗതം തടസപ്പെട്ടത് നഗരത്തിൽ ഗതാഗത കുരുക്കിനും കാരണമായി. കയർഫെഡ് ചെയർമാൻ ടി.കെ ദേവകുമാറും വൈസ് ചെയർമാൻ ആർ.സുരേഷും വിവരമറിഞ്ഞ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആലപ്പുഴ ഡിവൈ.എസ്.പി ബിജു.വി.നായർ,​ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.ആർ മധുബാബു എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു.