
ആലപ്പുഴ: കുട്ടികളെക്കൊണ്ട് താനാണ് ദൈവമെന്ന് ഹിറ്റ്ലർ പറയിപ്പച്ചതുപോലെയാണ് നരേന്ദ്രമോദിയും അമിത്ഷായും ചെയ്യുന്നതെന്ന് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ പറഞ്ഞു.
പി.എംശ്രീ പദ്ധതിയിൽ ധാരണപത്രം ഒപ്പിട്ട നിലപാട് വിദ്യാഭ്യാസമന്ത്രിയും വകുപ്പും തിരുത്തണമെന്ന് ആശ്യപ്പെട്ട് എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തിൽ ഒരുപങ്കുമില്ലാത്ത ഭരണാധികാരികൾ നടക്കുമ്പോൾ അവർക്ക് കുടപിടിക്കുന്ന രീതിയിൽ ഇത്തരത്തിൽ നിയമം കൊണ്ടുവരാൻ അനുവദിക്കില്ല. സർക്കാരിനെ സാമ്പത്തികത്തിന്റെ പേരിൽ പേടിപ്പെടുത്തി വർഗീയത അജണ്ടയാക്കി ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം ആരോപിച്ചു. തുടർന്ന് പി.എംശ്രീ പദ്ധതി ധാരണപത്രത്തിന്റെ പകർപ്പ് കത്തിച്ചു. ആലപ്പുഴ ടി.വി സ്മാരകത്തിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി എ.വി.ജെ ജംഗ്ഷനിൽ സമാപിച്ചു. എ.ഐ.എസ്.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എ.കെ. ആരവിന്ദ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എം. കണ്ണൻ, നേതാക്കളായ പി.വി.ഗിരീഷ്‌കുമാർ, ബി. ഷംനാദ്, സാംജു സന്തോഷ്, അജിത് കുമാർ, എം. രാകേഷ് തുടങ്ങിയവർ സംസാരിച്ചു.