ആലപ്പുഴ : കാർഷികമേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുന്ന നയരേഖ അവതരിപ്പിച്ച് മന്ത്രി പി.പ്രസാദ്. വിഷൻ 2031കാർഷിക സെമിനാറിലായിരുന്നു പ്രഖ്യാപനം. കേരളത്തിന്റെ കാർഷികരംഗത്ത് 10, 000 കോടിയുടെ അന്താരാഷ്ട്ര ബിസിനസ്, വന്യമൃഗ ശല്യത്തിന് നബാർഡ് സഹകരണത്തോടെ 1000കോടിയുടെ പത്തുവർഷ പദ്ധതി, 10000 യുവാക്കൾക്ക് കാർഷിക രംഗത്ത് നൂതന വിദ്യകളിൽ പരിശീലനം, 1000 സ്കൂളുകളിൽ ഫാമുകൾ എന്നീ കർമ്മ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.

തരിശ് രഹിത കേരളം, ഒരുലക്ഷം കർഷകർക്ക് പ്രതിമാസം ഒരുലക്ഷം രൂപ വരുമാനം, 10000 'കേരളാഗ്രോ' ഉത്പന്നങ്ങൾ, കാബ്‌കോ നേതൃത്വത്തിൽ 50 അന്താരാഷ്ട്ര ബിസിനസ് മീറ്റുകളിൽ പങ്കാളിത്തം, 'കൃഷി സമൃദ്ധി' 750 പഞ്ചായത്തുകളിൽ വ്യാപിപ്പിക്കുക, പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത, 'നവോത്ഥാൻ' വഴി ഒരുലക്ഷം ഹെക്ടർ കൃഷി എന്നിവയാണ് വകുപ്പിന്റെ ലക്ഷ്യം.
'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ 23,568 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, കാർഷികോത്പാദന കമ്മിഷണറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. ബി അശോക് , കെ.എൽ.ഡി.സി ചെയർമാൻ പി.വി. സത്യനേശൻ തുടങ്ങിയവർ സംസാരിച്ചു.

തിളങ്ങി കേരളാഗ്രോ

'ഒരു കൃഷിഭവൻ ഒരു മൂല്യവർദ്ധിത ഉത്പന്നം' എന്ന ലക്ഷ്യത്തിലൂടെ 4000 ഉത്പന്നങ്ങൾ സജ്ജമായി. 1000 ഉത്പന്നങ്ങൾക്ക് 'കേരളാഗ്രോ' എന്ന പൊതു ബ്രാൻഡ് ലഭ്യമാക്കി

 എല്ലാ ജില്ലകളിലും 'കേരളാഗ്രോ ബ്രാൻഡഡ് ഷോറൂമുകൾ' ആരംഭിച്ചു

 സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന് 80 സ്മാർട്ട് കൃഷിഭവനുകളുടെ പൂർത്തീകരണം നടക്കുന്നു.

 നെല്ലിന്റെ ഉത്പാദനക്ഷമത 2020-21ൽ 3091 കിലോഗ്രാം/ഹെക്ടറിൽആയിരുന്നത് 2022-23ൽ 3117 ആയി ഉയർത്തി

 തെങ്ങിന്റെ ഉത്പാദനക്ഷമത 6228 നാളികേരം/ഹെക്ടറിൽ നിന്ന് 7211 ആക്കി ഉയർത്തി

 പച്ചക്കറി ഉത്പാദനം 2015-16ലെ 6.28 ലക്ഷം ടണ്ണിൽ നിന്ന് 2024-25ൽ 19.1 ലക്ഷം ടണ്ണായി

കർഷകർക്കായുള്ള 'കൃഷി സമൃദ്ധി' 107 തദ്ദേശസ്ഥാപനങ്ങളിൽ ആരംഭിച്ചു. ഈ സാമ്പത്തികവർഷം 393ലേക്ക് വ്യാപിപ്പിക്കും

മൂന്നുലക്ഷം തൊഴിലവസരങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 പഴവർഗകൃഷിയിൽ 'ഫ്രൂട്ട് ക്ലസ്റ്റർ' പദ്ധതി വ്യാപകമായതോടെ വിദേശ ഫലങ്ങൾ എത്തിക്കാൻ കർഷകർക്ക് സാധിച്ചു.

 പുഷ്പകൃഷിയിൽ 724 ഹെക്ടറിൽ 6343 ടൺ പൂക്കളാണ് കഴിഞ്ഞ ഓണക്കാലത്ത് വിപണിയിലെത്തിയത്