ആലപ്പുഴ: സഞ്ചരിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കാൻ കരാറുകാർ തയ്യാറാകുന്നില്ലെന്ന് നഗരസഭ. നഗരസഭാ കൗൺസിൽ യോഗത്തിലാണ് കരാറുകാരനെതിരെ വിമർശനം ഉന്നയിച്ചത്. കോൺഗ്രസ് നേതാവ് റീഗോ രാജുവിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നഗരസഭാ അദ്ധ്യക്ഷ കെ.കെ.ജയമ്മ. ഒരുകോടിയോളം ചെലവിട്ട പ്ലാന്റുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. എന്നാൽ 25 ലക്ഷം രൂപ മാത്രമേ നൽകിയിട്ടുള്ളെന്നും കരാറുകാർ മറ്റിടത്ത് പ്ലാന്റ് കൊണ്ടുപോയി പരിശോധിച്ചപ്പോൾ മലിനീകരണ ബോർഡിന്റെ നിബന്ധനകൾ പാലിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴയിൽ പരിശോധിക്കുമ്പോഴാണ് പ്രശ്നം. തോട്ടപ്പള്ളി ഫെസ്റ്റിന് നഗരസഭയുടെ ഫണ്ട് നൽകുന്നതിലും പ്രതിപക്ഷം വിയോജിച്ചു. സീവ്യൂ വാർഡിലെ 25 കുടുംബങ്ങൾക്ക് വെള്ളം ലഭിക്കാത്ത പ്രശ്‌നം പരിഹരിക്കണമെന്നും റീഗോ രാജു ആവശ്യപ്പെട്ടു.