സെബാസ്റ്റ്യന്റെ ഭാര്യയുടെ മൊഴിയെടുത്തു

ചേർത്തല : റിട്ട. പഞ്ചായത്ത് ജീവനക്കാരി ചേർത്തല വാരനാട് സ്വദേശി ഹയറുമ്മ (ഐഷ–62)യുടെ കൊലപാതകക്കേസിൽ ചേർത്തല പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി സെബാസ്റ്റ്യനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. വിദഗ്ദ പരിശോധന നടത്തിയെങ്കിലും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ കണ്ടെത്താതിരുന്നതിനാൽ സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോയി. കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി ഉൾടൈയുള്ളവർ മണിക്കുറുകളോളം ചോദ്യം ചെയ്‌തെങ്കിലും സെബാസ്റ്റ്യൻ ഒന്നും പ്രതികരിക്കാതിരുന്നതോടെ ഭാര്യ ഷേർളിയേയും അന്വേഷണ സംഘം ഇന്നലെ രണ്ടു മണിക്കൂറിലധികം ചോദ്യം ചെയ്തു. ഏറ്റുമാനൂരിൽ നിന്ന് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ ചൊങ്ങുംതറ വീട്ടിലും ഐഷയുടെ വീട്ടിലും സെബാസ്റ്റ്യനെ എത്തിച്ച് തെളിവെടുപ്പ് നടത്തും.സെബാസ്റ്റ്യന്റെ സുഹൃത്തായ നെടുമ്പ്രക്കാട് സ്വദേശിനി റോസമ്മയെ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.