ആലപ്പുഴ: നെൽകർഷകരുടെ പ്രശ്നങ്ങൾക്ക് സത്വര പരിഹാരം കാണാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടും നെല്ല് സംഭരിക്കാൻ കൂട്ടാക്കാതെ സപ്ളൈകോയും മില്ലുകാരും.കുട്ടനാട് മേഖലയിലെ പല പാടങ്ങളിലും കൊയ്തെടുത്ത നെല്ല് ടാർപോളിൻ കൊണ്ട് മൂടി കൂട്ടിയിട്ടിരിക്കുകയാണ്. നെൽകർഷകരുടെ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള കേരളകൗമുദിയുടെ മുഖപ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കാൻ മുഖ്യമന്ത്രി സപ്ളൈകോയ്ക്ക് നിർദേശം നൽകിയത്. എന്നാൽ, സപ്ളൈകോയിൽ നിന്ന് യാതൊരു ഇടപെടലും ഉണ്ടാകാത്തതിനാലാണ് പാടങ്ങളിൽ നെല്ല് കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയുണ്ടായത്.

കഴിഞ്ഞ കുറേ ദിവസങ്ങളായുളള മഴയിലും വേലിയേറ്റത്തിലും നെൽച്ചെടികൾ നിലംപൊത്തിയതോടെ യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തും ദുഷ്കരമായി. മോൻതാ ചുഴലിയുടെ ഭാഗമായുള്ള മഴ കൂടി ശക്തമായാൽ, വരും ദിവസങ്ങളിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും.

രണ്ടാം വിളയുടെ കൊയ്ത്ത് ആരംഭിച്ചിട്ടും മുൻ വർഷങ്ങളെ അപേക്ഷിച്ച് നെല്ല് സംഭരണത്തിന് മുന്നോടിയായുള്ള കർഷകരുടെയോ, പാടശേഖര സമിതികളുടെ യോഗം പോലും ഇതുവരെയും ചേർന്നിട്ടില്ല. വിലയും കിഴിവുമുൾപ്പെടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ഇത്തരം യോഗങ്ങളിലാണ് ചർച്ചചെയ്യാറുള്ളത്.

പ്രതിഷേധത്തിനൊരുങ്ങി കർഷകർ

1.പുന്നപ്ര പറവൂരിലെ 200 ഏക്കറോളം വരുന്ന പൂന്തൂരം വടക്ക് പാടത്ത് കൊയ്തെടുത്ത നെല്ല് കൂട്ടിയിട്ടിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.തുടർച്ചയായ മഴയിൽ നെല്ല് കിളിർക്കുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ കർഷകർ.ഈർപ്പതോത് കൂടുതലാണെന്ന കാരണം പറഞ്ഞ് മില്ലുകാർ കൂട്ടി ചോദിച്ച കിഴിവ് നൽകാൻ കർഷകർ തയ്യാറാകാത്തതാണ് പ്രശ്നം

2. പള്ളാത്തുരുത്തി മേഖലയിലെ പാടങ്ങളിലും നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്.വേലിയേറ്റത്തിൽ പാടങ്ങളിലേക്ക് വെള്ളം കയറുന്നത് യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തിന് തടസമായിട്ടുണ്ട്. സർക്കാർ നെൽവില പ്രഖ്യാപിക്കുകയും സംഭരണ കാര്യത്തിൽ സപ്ളൈകോയും കൃഷി വകുപ്പും കർശനമായി ഇടപെടുകയും ചെയ്‌താൽ മാത്രമേ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ


3.നെൽകർഷകരോടുള്ള അവഗണനയ്ക്കും സർക്കാരിന്റെ അനാസ്ഥയ്ക്കുമെതിരെ കളക്ട്രേറ്റ് മാർച്ച് സംഘടിപ്പിക്കാനൊരുങ്ങുകയാണ് നെൽകർഷക സംരക്ഷണ സമിതി. 29ന് രാവിലെ 10ന് ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്ന് കർഷകർ റാലിയായെത്തി കളക്ടറേറ്റ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തും


4. ഒന്നാം വിളയുടെ നെല്ല് സംഭരണം നയം പ്രഖ്യാപിക്കുക,രണ്ടാം വിളയ്ക്കുള്ള വിത്തിന്റെ ലഭ്യത ഉറപ്പാക്കുക,ഓരു വെള്ളവും ഉഷ്‌ണതരംഗവും മൂലവുമുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുക,എൻ.സി.സി.എഫ് നെല്ല് സംഭരണത്തിൽ സംസ്ഥാന സർക്കാർ പ്രൊഡക്ഷൻ ഇൻസെന്റീവ് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം